മട്ടന്നൂർ: ബസിൽ കയറി പിടിച്ചുപറി നടത്തുന്ന സംഘത്തിലെ രണ്ടു പേരെ മട്ടന്നൂർ പോലീസിന്റെ പിടിയിലായി. വയനാട് ബത്തേരിയിലെ പി.സി.പ്രജിത്ത് (33), പുൽപ്പളളിയിലെ വി.എസ്.ബിനോയ് (41) എന്നിവരെയാണ് മട്ടന്നൂർ എസ് ഐ എ.വി. ദിനേശും സംഘവും അറസ്റ്റ് ചെയ്തത്. തിരക്കുള്ള ബസുകളിൽ കയറുന്ന സംഘം യാത്രക്കാരുടെ പോക്കറ്റടിച്ച് സ്ഥലം വിടുകയാണ് പതിവെന്ന് പോലീസ് അറിയിച്ചു.
ഇന്നലെ ഉച്ചയ്ക്ക് ഇരിട്ടി -മട്ടന്നൂർ റൂട്ടിൽ സർവീസ് നടത്തുകയായിരുന്ന സ്വകാര്യ ബസിൽ വച്ച് ചാവശേരിയിലെ അനീഷിന്റെ പഴ്സ് മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. ഇയാളുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മട്ടന്നൂർ കോടതിക്ക് സമീപത്ത് വച്ച് ഇരുവരും പോലീസ് പിടിയിലാകുന്നത്. കേരളത്തിലെ വിവിധ ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിൽ ഇവർക്ക് കേസുണ്ടെന്ന് പോലീസ് അറിയിച്ചു.
തിരക്കുള്ള ബസിലും മറ്റും കയറുന്ന സംഘത്തിലെ അഞ്ചിലേറെ പേരാണ് മോഷണം നടത്തുന്നത്. തിരക്കില്ലാത്ത ബസിൽ കൃത്യമ തിരക്കുണ്ടാക്കി കവർച്ച നടത്തുന്നതും ഇവരുടെ രീതിയാണെന്ന് പോലീസ് അറിയിച്ചു. മറ്റുള്ളവർക്കു വേണ്ടി പോലീസ് തെരച്ചൽ നടത്തുകയാണ്. പ്രതികളെ ഇന്ന് മട്ടന്നൂർ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.