കോട്ടയം: ബസിൽ പണവുമായി യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക. ബസ് യാത്രക്കാരുടെ ബാഗിന്റെ സിബ്ബ് തുറന്നു പണം എടുത്ത ശേഷം സിബ്ബ് അതേപടി അടയ്ക്കാൻ കഴിവുള്ള അതി സമർഥരായ മോഷ്ടാക്കൾ കോട്ടയത്ത് എത്തിയിട്ടുണ്ട്. തമിഴ്നാട്ടിലെ തിരുട്ടു ഗ്രാമത്തിൽ നിന്നെത്തിയ പതിനഞ്ചോളം പേരടങ്ങുന്ന സ്ത്രീകളാണ് മോഷണത്തിനു പിന്നിലെന്നാണ് സൂചന.
ഇന്നലെ കോട്ടയത്തും മുട്ടുചിറയിലുമായി രണ്ടു സ്ത്രീകളുടെ നാലര ലക്ഷത്തോളം രൂപയാണ് ഇതേ സംഘം തട്ടിയെടുത്തത്. മകളുടെ വിവാഹ ആവശ്യത്തിനുള്ള സ്വർണം വാങ്ങാൻ പാവപ്പെട്ട കൂലിപ്പണിക്കാരൻ സഹകരണ ബാങ്കിൽ നിന്ന് ലോണെടുത്ത നാലു ലക്ഷം രൂപയാണ് ഇന്നലെ ബസിൽ വച്ച് കൊള്ളയടിച്ചത്.
തിരുവഞ്ചൂർ കൂനംപുരയിടം ഫിലിപ്പ് ഇന്നലെ ജില്ലാ സഹകരണ ബാങ്ക് അയർക്കുന്നം ശാഖയിൽ നിന്ന് വായ്പയായെടുത്ത നാലു ലക്ഷം രൂപയുമായി കോട്ടയത്തേക്ക് വരുന്പോഴാണ് പണം നഷ്ടപ്പെട്ടത്. ഫിലിപ്പും ഭാര്യ ക്ലാരമ്മയും മകളും ഒപ്പമുണ്ടായിരുന്നു. ക്ലാരമ്മയുടെ ബാഗിലാണ് പണം സൂക്ഷിച്ചിരുന്നത്.
അയർക്കുന്നത്തു നിന്ന് സ്വകാര്യ ബസിൽ കോട്ടയത്തേക്ക് വരുന്പോൾ കളത്തിൽപ്പടിക്ക് മുൻപാണ് പണം തട്ടിയെടുത്തതെന്നാണ് കരുതുന്നത്. ഇവർ കയറുന്പോൾ ബസിൽ സീറ്റില്ലായിരുന്നു. മുന്നിലെ ഡോറിനു സമീപമാണ് ക്ലാരമ്മ നിന്നത്. നല്ല തിരക്കുണ്ടായിരുന്നു. കളത്തിൽപ്പടിയിൽ എത്തിയപ്പോൾ ഫിലിപ്പ് ഇരുന്ന സീറ്റിൽ ഇടമുണ്ടായി.
ഭാര്യയെ വിളിച്ച് ഫിലിപ്പിന്റെ സീറ്റിലിരുത്തി. 12.45ന് തിരുനക്കര ബസ് സ്റ്റാൻഡിൽ ബസ് എത്തി. ബസിൽ നിന്നിറങ്ങിയ ഉടൻ വെറുതെ ബാഗ് തുറന്നു നോക്കിയപ്പോൾ ഞെട്ടിപ്പോയി. സിബ്ബ് അടഞ്ഞ നിലയിൽ തന്നെയായിരുന്നു. ബാങ്ക് രേഖകളും രണ്ടു കമ്മലും ഒരു മാലയും ബാഗിലുണ്ടായിരുന്നത് നഷ്ടപ്പെട്ടിട്ടില്ല. പണം മാത്രമാണ് നഷ്ടപ്പെട്ടത്.
ഉടൻ തന്നെ തിരുനക്കര പോലീസ് എയ്ഡ് പോസ്റ്റിൽ വിവരം അറിയിച്ചു. അവർ നാഗന്പടം എയ്ഡ് പോസ്റ്റിൽ വിളിച്ച് ബസ് പരിശോധിക്കാൻ ആവശ്യപ്പെട്ടു. ബസ് പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. സംശയകരമായി ആരെയും കാണാൻ സാധിച്ചില്ല എന്നാണ് ബസ് ജീവനക്കാർ പറയുന്നത്. പിന്നീട് വെസ്റ്റ് പോലീസിൽ പരാതി നല്കി.
ഇന്ന് അയർക്കുന്നം സ്റ്റേഷനിലും പരാതി നല്കുന്നുണ്ട്. ബാങ്കിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ഇന്ന് പരിശോധിക്കുന്നുണ്ട്. പണവുമായി ബാങ്കിൽ നിന്ന് പുറപ്പെടുന്നത് ആരെങ്കിലും ശ്രദ്ധിച്ചോ, ഇവരെ ആരെങ്കിലും പിൻതുടർന്നോ എന്നൊക്കെയുള്ള പരിശോധനയ്ക്കാണ് സിസിടിവി ദൃശ്യങ്ങൾ നോക്കുന്നത്.
അടുത്തമാസം ഫിലിപ്പിന്റെ മകളുടെ വിവാഹം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ആഭരണം വാങ്ങുന്നതിന് പണമില്ലാതിരുന്നതിനാൽ ആകെയുള്ള എട്ടര സെന്റ് സ്ഥലം ഈടു നല്കിയാണ് ബാങ്കിൽ നിന്ന് നാലു ലക്ഷം രൂപ വായ്പയെടുത്തത്. എല്ലാം നഷ്ടപ്പെട്ട കുടുംബം ആത്മഹത്യയുടെ വക്കിലാണ്.
മുട്ടുചിറ ഫെഡറൽ ബാങ്കിൽ നിന്ന് 38,500 രൂപയെടുത്ത് സ്വകാര്യ ബസിൽ യാത്ര ചെയ്ത സ്ത്രീയുടെ പണവും ഇന്നലെ ആരോ തട്ടിയെടുത്തു. ആയാംകുടി കുമരക്കോട്ടിൽ രജനി സുഭാഷിന്റെ പണമാണ് നഷ്ടപ്പെട്ടത്. മുട്ടുചിറയിൽ നിന്ന് കടുത്തുരുത്തിയിലേക്ക് പോവുകയായിരുന്നു ഇവർ.
കടുത്തുരുത്തി യൂണിയൻ ബാങ്കിൽ പണമടയ്ക്കാൻ എത്തി ബാഗ് തുറന്നപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. അവിടെയും ബാഗിന്റെ സിബ്ബ് തുറന്ന് പണം എടുത്ത ശേഷം അതേ പടി സിബ്ബ് അടയ്ക്കുകയാണുണ്ടായത.് അതി സമർഥരായ മോഷ്ടാക്കളാണ് ഇതിനു പിന്നിൽ.