മയ്യിൽ: നാറാത്ത് വീട്ടിൽ ഉറങ്ങിക്കിടന്ന യുവതിയുടെ മാല കവർന്ന സംഭവത്തിൽ പ്രതികളുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യം ലഭിച്ചു.
കവർച്ച നടന്ന നാറാത്ത് ആറാംപീടികയിലെ പുതിയ തലങ്ങോത്ത് ഉമൈബയുടെ വീട്ടിലെ സിസിടിവി യിൽ നിന്നാണ് ദൃശ്യങ്ങൾ ലഭിച്ചത്.
പുലർച്ചെ 3.15 ഓടെ രണ്ടു പേർ ആയുധങ്ങളുമായി കിണറിന് സമീപം വഴി വന്ന് അടുക്കളയുടെ ഗ്രിൽസ് തകർക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ദൃശ്യങ്ങൾ പോലീസിന് കൈമാറി.
ദൃശ്യങ്ങൾ വഴി പ്രതികളെ കണ്ടെത്താൻ ശ്രമിക്കുകയാണ് അന്വേഷണ സംഘം. മയ്യിൽ സിഐ ഷാജി പട്ടേരിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
കണ്ണൂരിൽ നിന്നെത്തിയ വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും വീട്ടിൽ പരിശോധന നടത്തി. ഇന്നലെ പുലർച്ചെയാണ് കവർച്ച നടന്നത്. ഉമൈബയുടെ മൂന്നര പവൻ സ്വർണമാലയാണ് മോഷണം പോയത്.
അകത്ത് കടന്ന മോഷ്ടാവ് മുറിയിൽ ഉറങ്ങുകയായിരുന്നു ഇവരുടെ കഴുത്തിൽ നിന്ന് മാല പൊട്ടിക്കുകയായിരുന്നു. ഇവർ ബഹളമുണ്ടാക്കിയെങ്കിലും മോഷ്ടാവ് രക്ഷപ്പെട്ടു.