തളിപ്പറമ്പ്: പട്ടാപ്പകല്‍ പഴയങ്ങാടിയിലെ ജ്വല്ലറി കുത്തിതുറന്ന 3.5 കിലോ സ്വര്‍ണവും രണ്ടുലക്ഷം രൂപയും കവര്‍ന്ന കേസില്‍ മോഷ്ടാക്കളുടെ സിസിടിവി കാമറാ ദൃശ്യം പോലീസ് പുറത്തുവിട്ടു. മോഷണ മുതലുമായി രണ്ടംഗസംഘം കുടപിടിച്ച് സ്കൂട്ടറില്‍ പോകുന്നതാണ് ദൃശ്യം.
അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇനിയും കുറ്റവാളികളിലേക്ക് എത്തിച്ചേരാന്‍ പോലീസിന് സാധിക്കാതെ വന്നതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് ദൃശ്യം പുറത്തുവിടാന്‍ തീരുമാനിച്ചത്. കവര്‍ച്ചയ്ക്കു ശേഷം സ്വര്‍ണവുമായി പുതിയങ്ങാടി ഭാഗത്തേക്ക് രക്ഷപ്പെട്ട ഇരുചക്ര വാഹനം അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.
ആയിരകണക്കിന് ഫോണ്‍ കോളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് അന്വേഷണം ഒരു പഴയങ്ങാടി സ്വദേശിയിലേക്ക് കേന്ദ്രീകരിച്ചത്. സംഭവം നടന്ന് രണ്ടാഴ്ചയാകാറായിട്ടും കേസിന് തുമ്പില്ലാത്തത് പോലീസിനെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.
ജില്ലാ പോലീസ് മേധാവിയുടെ ക്രൈം സ്ക്വാഡ്, ഡിവൈഎസ്പിയുടെ സ്ക്വാഡ്, എസ്ഐ പി.എ. ബിനു മോഹന്‍ എന്നിവരുടെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നത്. കഴിഞ്ഞ അഞ്ചിന് ഉച്ചയ്ക്കാണ് പഴയങ്ങാടി ബസ് സ്റ്റാൻഡിനു സമീപത്തെ അല്‍ ഫത്തിബി ജ്വല്ലറിയില്‍ കവര്‍ച്ച നടന്നത്.