മുഖം വ്യക്തമായി കാണാൻ സാധിക്കുന്ന തരത്തിലുള്ള പ്ലാസ്റ്റിക്ക് കൂട് ഉപയോഗിച്ച് മുഖം മറച്ച് മോഷണം നടത്തിയ കള്ളനെ പോലീസ് വലയിൽ വീഴ്ത്തി. തമിഴ്നാട്ടിലെ കന്യാകുമാരിയിലെ ഒരു മൊബൈൽ ഫോണ്‍ കടയിലാണ് ഇയാൾ മോഷ്ടിക്കാനെത്തിയത്. കടയിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിൽ മോഷ്ടാവിന്റെ മുഖം വ്യക്തമായി പതിഞ്ഞിരുന്നു.
ഒരു പ്ലാസ്റ്റിക് കൂട് ഉപയോഗിച്ച് മുഖം മറച്ച് കടയ്ക്കു മുന്‍പിലേക്ക് ഇയാൾ എത്തുന്നതാണ് ദൃശ്യങ്ങളിൽ ആദ്യം. തുടർന്ന് കടയ്ക്കുള്ളിൽ പ്രവേശിച്ച മോഷ്ടാവ് മേശ തകർത്ത് ഒരു ലക്ഷം രൂപയും എടുത്താണ് കടന്നത്. പിറ്റേന്ന് കടയിലെത്തിയപ്പോഴാണ് ഉടമ മോഷണത്തപ്പറ്റി അറിയുന്നത്. തുടർന്ന് പോലീസ് എത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിനെ തുടർന്നാണ് മോഷ്ടാവിന്റെ മുഖത്തിന്റെ വ്യക്തമായ ദൃശ്യങ്ങൾ ലഭിച്ചത്.
തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ അയാളെ പോലീസ് പിടികൂടുകയും ചെയ്തു. സോഷ്യൽ മീഡിയായിൽ പങ്കുവെച്ചിരിക്കുന്ന വിദഗ്ദമായ ഈ മോഷണം കണ്ട് ചിരിയടക്കാൻ പാടുപെടുകയാണ് എല്ലാവരും.