ചങ്ങനാശേരി: മോർക്കുളങ്ങരയിൽ വീടിന്റെ വാതിൽ പൊളിച്ച് അകത്തുകടന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന 43 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു. കുന്പംവേലിൽ കുഞ്ഞുമോന്റെ വീട്ടിൽനിന്നാണ് സ്വർണാഭരണങ്ങൾ മോഷണംപോയത്. വിദേശത്ത് ജോലിയുള്ള കുഞ്ഞുമോൻ മകന്റെ വിവാഹ ആവശ്യങ്ങൾക്കായി നാട്ടിലെത്തിയിട്ടുണ്ട്.
വസ്ത്രം വാങ്ങുന്നതിന് കോട്ടയത്തു പോയി മടങ്ങിവരുന്പോഴാണ് മോഷണവിവരം അറിയുന്നത്. ഇന്നലെ വൈകുന്നേരം നാലിനും പത്തിനും ഇടയ്ക്കാണ് മോഷണം നടന്നതെന്നാണ് പോലീസ് പറയുന്നത്. സ്വർണത്തിനു പുറമേ വിദേശകറൻസിയും മോഷണംപോയിട്ടുണ്ട്. വീടിനു പുറത്തു സൂക്ഷിച്ചിരുന്ന വെട്ടുകത്തിയും പുല്ലുവെട്ടിയും ഉപയോഗിച്ച് വീട് കുത്തിത്തുറന്ന് അലമാരയുടെ പൂട്ട് പൊളിച്ചാണ് കവർച്ച നടത്തിയിരിക്കുന്നത്.
ചങ്ങനാശേരി സിഐ പി.വി.മനോജ്കുമാർ, എസ്ഐ ഷെമീർഖാൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും ഇന്ന് പരിശോധന നടത്തും.