ചാലക്കുടി: സ്വകാര്യ ബസുകളിൽ യാത്രചെയ്യുന്ന സ്ത്രീകളുടെ ബാഗുകളിൽനിന്നും പണം മോഷ്ടിക്കുന്ന സ്ത്രീ മോഷണ സംഘങ്ങൾ വിലസുന്നു. തിരക്കുള്ള ബസുകളിൽ ബാഗ് തോളിലിട്ട് യാത്ര ചെയ്യുന്ന സ്ത്രീകളാണ് മോഷണത്തിന് ഇരയാകുന്നത്. പണം അടങ്ങിയ ബാഗ് അശ്രദ്ധമായി തോളിലിട്ട് യാത്ര ചെയ്യുന്പോൾ പിന്നിൽകൂടി ബാഗ് തുറന്ന് പണം വളരെ ലാഘവത്തോടെ മോഷ്ടിക്കുകയാണ് ചെയ്യുന്നത്.
ബാങ്കിൽ അടയ്ക്കാൻ കൊണ്ടുപോകുന്നതോ, ആഭരണങ്ങൾ വാങ്ങുവാൻ പോകുന്നതോ ആയ നിരവധി സ്ത്രീകൾ കവർച്ചയ്ക്ക് ഇരയായികൊണ്ടിരിക്കയാണ്. മോഷണത്തിനുശേഷം സ്ത്രീ മോഷണസംഘങ്ങൾ അടുത്ത സ്റ്റോപ്പിൽ ഇറങ്ങി രക്ഷപ്പെടുകയും നിമിഷങ്ങൾക്കകം വേഷം മാറുകയും ചെയ്യും.
പോലീസിൽ പരാതി നൽകി അന്വേഷണം നടത്തുന്പോഴേക്കും ഇവർ രക്ഷപ്പെട്ടിരിക്കും. മോഷണം നടത്തുന്നത് ആരെങ്കിലും കണ്ടാൽ മാത്രമെ ഇവർ അകപ്പെടുകയുള്ളൂ. നിരവധി തവണ പോലീസിന്റെ പിടിയിലായിട്ടുണ്ട്. പോലീസ് പിടികൂടിയാൽ ഉടനെ അവരെ ജാമ്യത്തിലിറക്കാൻ അഭിഭാഷകർ എത്തും.
ഇന്നലെ രണ്ട് സ്ത്രീകളുടെ ബാഗിൽനിന്നും പണം നഷ്ടപ്പെട്ടു. മേലഡൂർ തെക്കൻ റാണി ജോസിന്റെ 48,000 രൂപ ബാഗിൽനിന്നും നഷ്ടപ്പെട്ടു. ബാഗ് തോളിലിട്ട് മേലഡൂരിൽനിന്നും ചാലക്കുടിയിലേക്ക് യാത്ര ചെയ്തതായിരുന്നു. ചാലക്കുടിയിൽ എത്തിയപ്പോഴാണ് ബാഗിൽനിന്നും പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഇത്തരം നിരവധി പരാതികളാണ് പോലീസ് സ്റ്റേഷനിൽ എത്തുന്നത്.
തമിഴ്നാട്ടുകാരായ സ്ത്രീകൾ മലയാളികളെ പോലെ നല്ല വസ്ത്രധാരണം നടത്തിയാണ് മോഷണത്തിനിറങ്ങുന്നത് ഇതിനാൽ ഇവിരെ തിരിച്ചറിയാനും പ്രയാസമാണ്. തമിഴ്നാട്ടിൽനിന്നും വൻ സംഘം ചാലക്കുടിയിൽ ക്യാന്പ് ചെയ്യുന്നുണ്ട്.