ഹരിപ്പാട്: ചിങ്ങോലിയിൽ വീട് കുത്തിതുറന്ന് മാല അപഹരിച്ചു. ചിങ്ങോലി മൂന്നാം വാർഡ് ജെറിൻവില്ലയിൽ പാപ്പച്ചന്റെ വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച പുലർച്ചെ 2.30 ഓടെയാണ് സംഭവം. വീടിന്റെ പിൻവാതിൽ തകർത്താണ് മോഷ്ടാവ് അകത്തുകയറിയത്.
മുറിയിൽ ഉറങ്ങുകയായിരുന്ന പാപ്പച്ചന്റെ മകൻ ജോബിൻ.പി.തോമസിന്റെ കഴുത്തിൽ കിടന്ന രണ്ടു പവന്റെ മാലയാണ് നഷ്ടപ്പെട്ടത്. രാവിലെ ഉറക്കം ഉണർന്നപ്പോഴാണ് മോഷണം നടന്ന വിവരം വീട്ടുകാർ അറിയുന്നത്. രണ്ടാം വാർഡ് കളരിവാതുക്കൽ സുരകുമാർ, എരുമപ്പുറത്ത് ജോണ് മാത്യു(തന്പി) എന്നിവരുടെ വീടുകളിലാണ് മോഷണ ശ്രമമുണ്ടായത്.
ഇവിടങ്ങളിലും ആദ്യത്തേതിന് സമാനമായ രീതിയിൽ പിൻവാതിൽ തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതിനാലാണ് രണ്ടിടത്തും മോഷണശ്രമം പരാജയപ്പെട്ടത്. സുരകുമാറിന്റെ അമ്മ സരസ്വതി ശബ്ദം കേട്ട് ബഹളം വച്ചപ്പോഴാണ് കളളൻ കടന്നുകളഞ്ഞത്.
ജോണ് മാത്യുവിന്റെ വീടിനുള്ളിൽ കടന്ന മോഷ്ടാവ് ടോർച്ച് തെളിച്ച് വീടിനുളളിൽ ഇഴഞ്ഞു നീങ്ങുന്നത് കണ്ട് വീട്ടുകാർ ലൈറ്റിട്ടപ്പോഴേക്കും മോഷ്ടാവ് വെളിയിലേക്ക് ഓടി. ഇരുപത് വയസ്സോളം പ്രായമുളള നീണ്ടു മെലിഞ്ഞ ആളാണ്് മോഷണത്തിനെത്തിയതെന്ന് വീട്ടുകാർ പറഞ്ഞു. ചുവന്ന തോർത്തുപോലുളള തുണികൊണ്ട് മുഖം മറച്ചാണ് എത്തിയത്. പാപ്പച്ചന്റെ വീട്ടിൽ വിരലടയാള വിദഗ്ദ്ധരെത്തി തെളിവുകൾ ശേഖരിച്ചു.