ചാവക്കാട്: തിരുവത്ര പുതിയറയിൽ പൂട്ടികിടന്നിരുന്ന വീട്ടിൽ മോഷണം അന്വേഷണം ഉൗർജിതമാക്കി. ചാവക്കാട് മേഖലയിൽ പൂട്ടികിടന്ന വീട്ടിൽ മോഷണം നടക്കുന്നത് ഒരു മാസത്തിനിടയിൽ ഇത് രണ്ടാം തവണയാണ്.
പുതിയറ വലിയകത്ത് അഷറഫിന്റെ വീട്ടിൽനിന്നും ഇന്നലെ 36 പവന്റെ സ്വർണാഭരണമാണ് മോഷണം പോയത്. അടുക്കളവാതിൽ കുത്തിപ്പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന മാല, നെക്ലേസ്, വള, കമ്മൽ, ചെയിൻ, സ്വർണനാണയം എന്നിവ കൊണ്ടുപോയി.
കഴിഞ്ഞമാസം അഞ്ചിന് മാമബസാറിൽ പാലുവായ് റോഡിൽ അടച്ചിട്ട വീട്ടിൽനിന്ന് 30 പവൻ മോഷണം പോയി. കറുപ്പംവീട്ടിൽ ആഷിഖിന്റെ വീട്ടിൽനിന്നുമാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണം മോഷണം പോയത്.
വിദേശത്തുള്ള ആഷിഖിന്റെ അടുത്തേക്ക് ഭാര്യ മുംതാസും മക്കളും വെള്ളിയാഴ്ച രാവിലെ പോയി. തിങ്കളാഴ്ച രാവിലെ സഹോദരൻ എത്തിയപ്പോഴാണ് മോഷണം അറിയുന്നത്.
അതിന്റെ അന്വേഷണം നടക്കുന്നതിനിടയിലാണ് അഞ്ചങ്ങാടി സൽവ റീജൻസി ഉടമയും പ്രവാസി വ്യവസായിയുമായ അഷറഫിന്റെ വീട്ടിലെ മോഷണം. ഒരു വർഷത്തോളമായി അഷറഫ് ആലപ്പുഴയിലെ വീട്ടിലാണ്കുടുംബസമേതം താമസം. ഒരുമാസം മുന്പ് പുതിയറയിലെ വീട്ടിൽ വന്നിരുന്നു.
വീടും പരിസരവും സംരക്ഷിക്കാൻ അയൽവാസിയെ ഏല്പിച്ചിരുന്നു. ഇന്നലെ രാവിലെ ലൈറ്റുകൾ അണക്കാൻ അയൽവാസി എത്തിയപ്പോഴാണ് മോഷണം അറിയുന്നത്. വിവരമറിഞ്ഞ് അഷറഫും കുടുംബവുമെത്തിയപ്പോഴാണ് സ്വർണാഭരണം നഷ്ടപ്പെട്ടവിവരം അറിഞ്ഞത്.
എസിപി ടി.എസ്.സിനോജ്, എസ്എച്ച്ഒ അനിൽ ടി. മേപ്പിള്ളി, എസ്ഐ യു.കെ.ഷാജഹാൻ, വിരലടയാള വിദഗ്ധരായ യു.രാമദാസ്, കെ.വി.ദിൻഷ എന്നിവർ എത്തി അന്വേഷണം നടത്തി.
ഇന്നലെ പുലർച്ചെ രണ്ടു പേർ ബൈക്കിൽ പോകുന്നത് പുതിയറയിലെ ആംബുലൻസ് സർവീസ് ഓഫീസിന്റെ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. മോഷണം നടന്ന വീട്ടിലെ കാമറ മോഷ്ടാവ് നശിപ്പിച്ചിട്ടുണ്ട്.