കായംകുളം: ചേരാവള്ളിയിൽ ക്ഷേത്രത്തിന്റെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം അപഹരിച്ചു. ചേരാവള്ളി മുട്ടേത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ കാണിക്ക വഞ്ചിയാണ് ഇന്ന് പുലർച്ചെ മോഷണ സംഘം കുത്തിത്തുറന്ന് പണം അപഹരിച്ചത്.
കന്പികൊണ്ട് നിർമിച്ച വഞ്ചിയുടെ ഗ്രില്ലിന്റെ പൂട്ട് കുത്തിത്തുറന്ന ശേഷം കന്പി പ്പാര ഉപയോഗിച്ച് വഞ്ചി ഇളക്കിയെടുത്തായിരുന്നു മോഷണം. പണം എടുത്ത ശേഷം വഞ്ചിപ്പെട്ടി സമീപത്തെ തോട്ടിൽ ഉപേക്ഷിച്ച നിലയിൽ പോലീസ് കണ്ടെത്തി.
വഞ്ചിയിലെ പണം എടുത്തിട്ട് ആറുമാസമായെന്നും ഏകദേശം പതിനായിരം രൂപയോളം മോഷണം പോയെന്നും ക്ഷേത്ര സെക്രട്ടറി സിജു രാഷ്ട്രദീപികയോട് പറഞ്ഞു. ക്ഷേത്ര ഓഫീസും ഉൗട്ടുപുരയും കുത്തിത്തുറക്കാൻ മോഷ്ടാക്കൾ ശ്രമിച്ചിട്ടുണ്ട്. ഉച്ചക്ക് ശേഷം വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വോഡും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തും.
സമീപത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ച് വരികയാണ്.
രാവിലെ കായംകുളം പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. രാത്രി കാലങ്ങളിൽ പ്രദേശത്ത് പോലീസ് പെട്രോളിംഗ് ഉൗർജിതമാക്കണമെന്ന് ക്ഷേത്ര ഭാരവാഹികൾ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കറ്റാനം തെക്കേ മങ്കുഴി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ കുരിശടിയുടെ വഞ്ചി കുത്തിത്തുറന്നും കവർച്ചനടന്നിരുന്നു. വഞ്ചിയുടെ കോണ്ക്രീറ്റ് തകർത്ത് പൂട്ട് പൊളിച്ചായിരുന്നു ഇവിടെ മോഷണം. വള്ളികുന്നം പോലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും മോഷ്ടാക്കളെ പിടികൂടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.