ചേർത്തല: ചേർത്തലയിൽ രണ്ടു വീടുകളിൽ മോഷണം. ചേർത്തല മായിത്തറയിലാണ് സംഭവം. മായിത്തറ കേശവഭവനത്തിൽ സോണിയുടെയും, മായിത്തറ കൊച്ചുവെളി നിവാസിൽ സന്തോഷിന്റെയും വീട്ടിലാണ് മോഷണം നടന്നത്. അടുക്കള വാതിൽ പൊളിച്ച് അകത്തു കയറിയ മോഷ്ടാക്കൾ രണ്ടു വീടുകളിൽ നിന്നുമായി 24 പവൻ സ്വർണാഭരണങ്ങളും 16,500 രൂപയും മോഷ്ടിച്ചു.
സോണിയുടെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആറേ മുക്കാൽ പവന്റെ സ്വർണവും 3500 രൂപയുമാണ് നഷ്ടപെട്ടത്. സന്തോഷിന്റെ വീട്ടിൽ നിന്നു 17 പവന്റെ സ്വർണവും 13000 രൂപയും കവർന്നു. കഴിഞ്ഞദിവസം രാത്രിയായിരുന്നു മോഷണം നടന്നത്. പുലർച്ചെയാണ് വീട്ടുകാർ മോഷണം അറിഞ്ഞത്.
പോലീസ് നായയും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഇരുവീടുകളിലും ഒരേ സംഘമാണ് മോഷണം നടത്തിയതെന്നാണ് സൂചന. മോഷണം നടന്നത് അർത്തുങ്കൽ, മാരാരിക്കുളം പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ രണ്ട ു സ്റ്റേഷനുകളിലും കേസ് റജിസ്റ്റർചെയ്തു അന്വേഷണം ആരംഭിച്ചു.