മുഹമ്മ: വീട്ടിൽ ആരും ഇല്ലാതിരുന്ന സമയം വീടിന്റെ താക്കോൽ കൈക്കലാക്കിയ കുട്ടികൾ അലമാരയിൽ സൂക്ഷിച്ചിരുന്ന 20,000 രൂപ അപഹരിച്ചു. മണ്ണഞ്ചേരി പഞ്ചായത്തിലെ റോഡ്മുക്ക് പൊന്നിട്ടുശേരിൽ എം.ജെ. ഗോമതി (79) യുടെ വീട്ടിലാണ് നാലംഗ സംഘം പട്ടാപ്പകൽ മോഷണം നടത്തിയത്.
അയൽവീട്ടിൽ അടിയന്തര ചടങ്ങിൽ പങ്കെടുക്കാൻ ഗോമതി പോകുന്നതു നിരീക്ഷിച്ച സംഘം വീട്ടിലെത്തി താക്കോൽ കൈക്കലാക്കി വീടിനുള്ളിൽ കയറുകയായിരുന്നു.
മുറിക്കുള്ളിൽ കിടക്കയ്ക്ക് അടിയിൽ സൂക്ഷിച്ചിരുന്ന അലമാരയുടെ താക്കോൽ എടുത്ത് അലമാര തുറന്നു പണം കൈക്കലാക്കി. ഈ സമയം ഗോമതി മടങ്ങിയെത്തിയതോടെ കുട്ടികൾ മതിൽ ചാടി രക്ഷപ്പെട്ടു.
പോലീസിനെ അറിയിച്ചതിനെ തുടർന്ന് കുട്ടികളെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് മൊഴി രേഖപ്പെടുത്തിയെങ്കിലും ഞായറാഴ്ച പണം തിരികെ നൽകാമെന്ന മാതാപിതാക്കളുടെ ഉറപ്പിൻമേൽ കേസെടുക്കാതെ വിട്ടയച്ചു.