ചിങ്ങവനം: പള്ളികളിലെ നിരന്തരമായ മോഷണ സംഭവങ്ങളിൽ തുന്പില്ലാതെ പോലീസ്. ഇതിൽ ഏറ്റവും ഒടുവിലത്തേതാണ് പാക്കിൽ സെന്റ് തോമസ് യാക്കോബായ പള്ളിയിലേത്.
വ്യാഴാഴ്ച പുലർച്ചെ നടന്ന മോഷണത്തിൽ പള്ളിയുടെ പിൻ വാതിൽ കുത്തിത്തുറന്ന് അകത്ത് കയറിയ മോഷ്ടാവ് നേർച്ച പെട്ടി തകർത്ത് പണം അപഹരിക്കുകയായിരുന്നു. പള്ളിക്ക് മുൻവശത്തുള്ള നേർച്ചപ്പെട്ടി തുറക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും വിഫലമായി.
പള്ളി പരിസരത്തുണ്ടായിരുന്ന സിസിടിവി കാമറകൾ തകർത്ത ശേഷമായിരുന്നു മോഷണം. 10,000 രൂപ നഷ്ടപ്പെട്ടതായാണു കരുതുന്നത്. ഏതാനും വർഷങ്ങൾക്കു മുന്പും ഇവിടെ മോഷ്ടാക്കൾ കയറി പണം അപഹരിച്ചിരുന്നു.
ചിങ്ങവനം കേന്ദ്രീകരിച്ചു മോഷണ സംഭവങ്ങൾ നിരവധിയായിരിക്കുകയാണ്. ദിവസങ്ങൾക്ക് മുന്പാണ് കൊല്ലാട് സെന്റ് പോൾസ് പള്ളിയിൽ മോഷണം നടന്നത്. രണ്ടു നേർച്ചപ്പെട്ടിയിൽ നിന്നുമാണ് പണം അപഹരിച്ചത്.
പള്ളി പരിസരത്തുണ്ടായിരുന്ന നിരവധി സിസിടിവി കാമറാകൾ തകർത്തതിന് ശേഷമായിരുന്നു ഇവിടെയും മോഷണം നടന്നത്. രണ്ടിടത്തും കാമറായിൽ മോഷ്ടാവിന്റെ ചിത്രം പതിഞ്ഞിട്ടുണ്ടെങ്കിലും അവ്യക്തമാണ്.
കൈയിൽ ആയുധങ്ങളുമായി മുഖം മൂടിയണിഞ്ഞാണ് മോഷ്ടാവ് എത്തുന്നത്.പള്ളികളിലെ നേർച്ചപ്പെട്ടികൾ കുത്തി തുറന്ന് പണം അപഹരിക്കുന്നത് നിത്യസംഭവമായതോടെയാണ് സിസിടിവി കാമറകൾ സ്ഥാപിച്ചത്.
എന്നാൽ കാമറയെയും കടത്തി വെട്ടി മോഷ്ടാക്കൾ അരങ്ങ് തകർക്കുകയാണ്.പള്ളം സെന്റ് ഇഗ്നാത്തിയോസ് പള്ളി, പരുത്തുപാറ സിഎസ്ഐ പള്ളി, പരുത്തുംപാറ കവലയിലുള്ള കുരിശും തൊട്ടിയിലെ നേർച്ചപ്പെട്ടി തുടങ്ങി പലയിടങ്ങളിലും മുന്പു മോഷണം നടന്നിട്ടുണ്ട്. ഈ സംഭവങ്ങളിലൊന്നും മോഷ്ടാവിനെ കണ്ടെത്താൻ പോലീസിനു കഴിഞ്ഞിട്ടില്ല.