തൃക്കരിപ്പൂർ: ചീമേനിയിൽ വീട്ടുകാർ പുറത്തു പോയ സമയത്ത് അടച്ചിട്ട വീട് കുത്തിതുറന്ന് 40 പവൻ സ്വർണാഭരണങ്ങളും വെള്ളിപ്പാത്രങ്ങളും കവർന്നു.വീട്ടിൽ കന്നുകാലികളെ പരിചരിച്ചിരുന്ന നേപ്പാളി സ്വദേശികളായ ദന്പതികളെ കാണാനുമില്ല.
കണ്ണൂർ സ്വദേശിയായ സിവിൽ എൻജിനിയർ എൻ. മുകേഷിന്റെ ചീമേനി ചെന്പ്രകാനത്തെ വീട്ടിലാണ് കവർച്ച നടന്നത്. നേപ്പാളി സ്വദേശികളായ ഷാഹിയെയും ഭാര്യയെയുമാണ് സംഭവത്തിനുപിന്നാലെ കാണാതായത്. കവർച്ച നടത്തിയ ശേഷം മുങ്ങിയതാകാമെന്നാണ് നിഗമനം.
മുകേഷുംകുടുംബവും കണ്ണൂരിലെ വീട്ടിൽ പോയി ഇന്നലെ വൈകുന്നേരം തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നത് അറിയുന്നത്. വീടിന്റെ മുൻവാതിൽ തകർത്ത നിലയിലാണ്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷണം പോയത്.
ഡോഗ് സ്ക്വാഡും വിരലടയാള വിരലടയാള വിദഗ്ധരും പരിശോധന നടത്തി. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ മേൽനോട്ടത്തിൽ ചീമേനി ഇൻസ്പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു. കവർച്ചയിൽ കൂടുതൽ പേരുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.