പത്തനംതിട്ട: വീട്ടുടമസ്ഥൻ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവന്ന കാലയളവിൽ വീട്ടിൽനിന്നു സ്വർണ ബിസ്കറ്റുകൾ ഉൾപ്പെടെ 47 പവനിലധികം സ്വർണാഭരണങ്ങളും പണവും ജോലിക്കാരി മോഷ്ടിച്ച കേസിൽ കൂട്ടുപ്രതികൾക്ക് തടവുശിക്ഷ വിധിച്ച് പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി.
ആറന്മുള കിടങ്ങന്നൂർ വല്ലന സബീർ മൻസിലിൽ ജോലിക്കുനിന്ന തിരുവനന്തപുരം പാങ്ങോട് കണ്ണംപാറ വത്സലഭവനം വത്സലയാണ് മോഷണം നടത്തിയത്. കിടപ്പുമുറിയുടെ താക്കോൽ കൈക്കലാക്കിയശേഷം കവർച്ച നടത്തുകയായിരുന്നു.
ഇവ സൂക്ഷിക്കാനും വിൽക്കാനും സഹായിച്ച വത്സലയുടെ അയൽവാസി പാങ്ങോട് കണ്ണൻപാറ പ്രണവ് ഭവനം പ്രണവ് (22), ഇയാളുടെ മാതാവ് രാധ (50) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഇവർ കേസിൽ രണ്ടും മൂന്നും പ്രതികളാണ്.
പ്രണവിനെ രണ്ടുവർഷം തടവും പതിനായിരം രൂപ പിഴയും രാധയ്ക്ക് ഒരു വർഷത്തെ തടവുമാണ് ശിക്ഷ വിധിച്ചത്. ജെ എഫ്എം കോടതി മജിസ്ട്രേറ്റ് കാർത്തിക പ്രസാദാണ് ശിക്ഷ വിധിച്ചത്.
2012 ജൂലൈ മുതൽ 2013 മാർച്ച് വരെയുള്ള കാലയളവിലാണ് മോഷണം നടന്നത്. വിചാരണയ്ക്കിടെ കേസിലെ ഒന്നാംപ്രതി വത്സല മരിച്ചിരുന്നു. അന്ന് കോഴഞ്ചേരി പോലീസ് ഇൻസ്പെക്ടർ ആയിരുന്ന ദിലീപ് ഖാന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.
അദ്ദേഹം തന്നെയാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതും. പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എം.ആർ. രാജ്മോഹൻ കോടതിയിൽ ഹാജരായി.