കോടാലി: മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടിൽ മോഷണം. 30,000 രൂപയും വിലപിടിപ്പുള്ള നാണയശേഖരവും നഷ്ടപ്പെട്ടു. മറ്റത്തൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് ദേവസി തൊണ്ടുങ്ങലിന്റെ മൂന്നുമുറി ചേലക്കാട്ടുകര പെട്രോൾ പന്പിനു സമീപമുള്ള വീട്ടിലാണ് മോഷണം നടന്നത്. ദേവസി തൊണ്ടുങ്ങലും കുടുംബവും മൂന്നുദിവസത്തോളം സ്ഥലത്തുണ്ടായിരുന്നില്ല. ഇന്നലെ മടങ്ങിയെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്.
മണിചിത്രത്താഴുള്ള മുൻവശത്തെ പൂട്ട് തകർത്ത് അകത്തു കടന്നാണ് മോഷണം നടത്തിയിട്ടുള്ളത്. വീടിന്റെ മുകൾ നിലയിലടക്കമുള്ള മുഴുവൻ മുറികളിലും അടുക്കളയിലും മോഷ്ടാക്കൾ തെരച്ചിൽ നടത്തി വസ്ത്രങ്ങളും മറ്റുസാധനസാമഗ്രികളും വലിച്ചുവാരിയിട്ട നിലയിലാണ്.
കിടപ്പുമുറിയിൽ അലമാരയിൽ പൂട്ടിവച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടിട്ടുള്ളത്. വിദേശ നാണയങ്ങളുടെ ശേഖരവും കവർന്നിട്ടുണ്ട്. വൈദ്യുതി ബന്ധം ഓഫ് ചെയ്ത ശേഷമാണ് മോഷ്ടാക്കൾ മുറികളിൽ കടന്നിട്ടുള്ളത്. വിവരമറിയിച്ചതിനെ തുടർന്ന് വെള്ളിക്കുളങ്ങര പോലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. തൃശൂരിൽ നിന്ന് വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു.