ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിലെ ജൂനിയർ ഡോക്ടർമാരുടെ ക്വാർട്ടേഴ്സിൽ മോഷണം. അഞ്ച് ലാപ് ടോപ്പ് നഷ്ടപ്പെട്ടു.അത്യാഹിത വിഭാഗത്തിന് സമീപം പ്രവർത്തിക്കുന്ന പി.ജി.ഡോക്ടർമാരുടെ ക്വാർട്ടേഴ്സിലെ അഞ്ചു മുറികളിൽ നിന്നാണ് ലാപ്ടോപ്പ് മോഷണം പോയത്.
മുറികളിൽ താമസിക്കുന്ന വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാർ രാത്രി ഡ്യൂട്ടിക്ക് പോയ സമയത്തായിരുന്നു മോഷണം. ഡോക്ടർമാരുടെ ക്വാർട്ടേഴ്സ് ആയതിനാൽ ചില സമയങ്ങളിൽ മാത്രമേ ഇവർ മുറി പൂട്ടാറുള്ളു. അതിനാലാണ് മോഷ്ടാവിന് നിസാരമായി മോഷണം നടത്തുവാൻ കഴിഞ്ഞതെന്നു കരുതുന്നു.
മോഷണം നടന്ന വിവരം രാവിലെ എട്ടിന് ശേഷം ഡ്യൂട്ടി കഴിഞ്ഞ് മുറിയിലെത്തിയപ്പോഴാണ് അറിഞ്ഞത്. ഡോക്ടർമാർ കോളജ് പ്രിൻസിപ്പലിന് നല്കിയ പരാതി ഗാന്ധിനഗർ പോലീസിന് കൈമാറി.മൂന്നു മാസം മുൻപ് നൂറ് കണക്കിന് ഫാനുകളും വില കൂടിയ ചെന്പ് കന്പികളും മോഷണം പോയിരുന്നു. ജനറേറ്റർ മോഷ്ടിക്കാൻ ശ്രമം നടന്നു. ജീവനക്കാരുടെ എട്ട് ക്വാർട്ടേഴ്സിലും മോഷണം നടന്നിരുന്നു.
പോലീസിൽ പരാതി നൽകിയെങ്കിലും പ്രതികളെ പിടികൂടുവാൻ കഴിഞ്ഞിട്ടില്ല.രാത്രി കാലങ്ങളിൽ ക്വാർട്ടേഴ്സുകൾ കേന്ദ്രീകരിച്ച് സെക്യൂരിറ്റി സംവിധാനം ശക്തിപ്പെടുത്തണമെന്നാണ് ഡോക്ടർമാരുടേയും ജീവനക്കാരുടേയും അഭിപ്രായം.