നെടുമ്പാശേരി: വീട് കുത്തിത്തുറന്ന രണ്ടംഗ സംഘം വനിതതാഡോക്ടറെ കത്തികാട്ടി ഭീഷണിപ്പെടുത്തി 90 പവൻ സ്വർണവും 50,000 രൂപയും കവർന്നു. ചെങ്ങമനാട് സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ ഡോ. ഗ്രേസ് മാത്യുവിന്റെ വീട്ടിൽ ഇന്ന് പുലർച്ചെ 2.40നാണ് നാടിനെ ഞെട്ടിച്ച കവർച്ച നടന്നത്.
ഡോക്ടറുടെ ഭർത്താവ് ഡോ. മാത്യു അമേരിക്കയിലും ഏക മകൻ ഡോ. അജിത്ത് നേവിയിലുമാണ്. ഡോ. ഗ്രേസ് മാത്യു 15 വർഷത്തോളായി ഇവിടെ തനിച്ചാണ് താമസം. വീടിന്റെ പിൻവശത്തെ വാതിൽ കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാക്കൾ ഗ്രേസ് മാത്യു ഉറങ്ങുന്ന മുറിയിലെത്തി കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയിരുന്നു.
ആക്രമിക്കരുതെന്ന് ഡോക്ടർ അപേക്ഷിച്ചതിനെ തുടർന്ന് മോഷ്ടാക്കൾ കൈയേറ്റത്തിന് മുതിർന്നില്ല. മുഖംമൂടിയും അടിവസ്ത്രവും മാത്രം ധരിച്ചാണ് മോഷ്ടാക്കൾ എത്തിയത്. കഴിഞ്ഞ ദിവസം ബാങ്കിലെ ലോക്കറിൽനിന്ന് എടുത്തതാണ് സ്വർണമെന്ന് ഡോ. ഗ്രേസ് പോലീസിനോട് പറഞ്ഞു.
ബാങ്കിൽനിന്നു സ്വർണം പിൻവലിച്ചതറിയാവുന്നവരാണ് മോഷണത്തിന് പിന്നിലെന്നാണ് സൂചന. റൂറൽ ജില്ലാ പോലീസ് മേധാവി രാഹുൽ ആർ. നായർ ഉൾപ്പെടെ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവരും സ്ഥലത്തെത്തി. സമീപത്തെ സിസി ടിവി ദൃശ്യം പോലീസ് ശേഖരിച്ചിട്ടുണ്ട്. ചെങ്ങമനാട് എസ്ഐ സുധീറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.