കിഴക്കമ്പലം: വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ ആക്രമിച്ചു പണവും സ്വർണവും കവർന്നതായി പരാതി. കിഴക്കമ്പലം പഞ്ചായത്തിലെ മലയിടം തുരുത്ത് ചുള്ളിയാട്ട് ഏലിയാമ്മ പൗലോസിനെ(60)യാണ് കള്ളന്മാർ ആക്രിമച്ച് അവശയാക്കിയ ശേഷം വീട്ടിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷത്തോളം രൂപയും ഏഴ് പവന്റെ ആഭരണങ്ങളും കവർന്നത്.
ഇന്ന് പുലർച്ചെ രണ്ടോടെയാണ് സംഭവം. വീടിന്റെ പിൻവാതിൽ തകർത്ത് അകത്ത് കയറിയ മോഷ്ടാക്കളുടെ ശബ്ദം കേട്ടുണർന്ന ഏലിയാമ്മയെ ഇരുവരും ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു. മുഖത്തും ശരീര ഭാഗങ്ങളിലും ഇടിച്ച ശേഷം തലയണ കൊണ്ട് ശ്വാസം മുട്ടിക്കുകയും ചെയ്തു.തുടർന്ന് ഭീഷണിപ്പെടുത്തി പണവും സ്വർണവും ഇരിക്കുന്ന സ്ഥലം ചോദിച്ച് മനസിലാക്കി മോഷണം നടത്തുകയായിരുന്നു.
തമിഴ് ഭാഷയാണ് മോഷ്ടാക്കൾ സംസാരിച്ചിരുന്നതെന്നും കറുത്ത നിറമുള്ളവരായിരുന്നെന്നും ഏലിയാമ്മ പറഞ്ഞു. മോഷ്ടാക്കൾ പോയ ശേഷം അവശയായ ഏലിയാമ്മ തന്നെയാണ് അയൽക്കാരെയും പോലീസിനെയും വിവരമറിയിച്ചത്. തടിയിട്ട പറമ്പ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആക്രമണത്തിൽ സാരമായി പരിക്കേറ്റ എലിയാമ്മയെ പോലീസും നാട്ടുകാരും ചേർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കിഴക്കമ്പലത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു എലിയാമ്മ. ഭർത്താവ് മരിച്ചതിനെ തുടർന്ന് 15 വർഷത്തോളമായി ഒറ്റയ്ക്കായിരുന്നു താമസം. ഇവരുടെ മക്കൾ രണ്ടുപേരും വിദേശത്താണ്. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കുന്നത്തുനാട് സിഐ ജെ.കുര്യാക്കോസ്, തടിയിട്ട പറമ്പ് എസ്ഐ രതീഷ് ഗോപാൽ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണമാരംഭിച്ചിട്ടുണ്ട്. കിഴക്കന്പലത്ത് ഒറ്റക്കു താമസിച്ചിരുന്ന വയോധികയെ ആക്രമിച്ച് ഏഴു പവനും ഒരുലക്ഷം രൂപയും കവർന്നു