ആലപ്പുഴ: ആലപ്പുഴ ബീച്ച് ഇഎസ്ഐ ആശുപത്രിയിലെ എസിയുടെ ഔട്ട്ഡോര്‍ യൂണിറ്റുകള്‍ മോഷണം പോയതോടെ ശസ്ത്രക്രിയകള്‍ മുടങ്ങിയത് രോഗികളെ വലയ്ക്കുന്നു. ഓപ്പറേഷന് തിയറ്റര്‍ കോംപ്ലക്സിലെ എസിയുടെ ഔട്ട്ഡോര്‍ യൂണിറ്റുകളാണ് കഴിഞ്ഞദിവസം മോഷണം പോയത്.
ഇതോടെ നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയകള്‍ മുടങ്ങുന്ന സ്ഥിതിയായി. ആശുപത്രി സൂപ്രണ്ടിന്റെ പരാതിയെത്തുടര്‍ന്ന് സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നിലവില്‍ ആശുപത്രിയില്‍ ഒന്നിലധികം സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചിട്ടുണ്ടെങ്കിലും ഇവരുടെ സേവനം ഫലപ്രദമല്ല. മോഷണത്തിന്റെ പശ്ചാത്തലത്തില്‍ ആശുപത്രിയില്‍ പോലീസ് സേവനം ഏര്‍പ്പെടുത്തണമെന്ന ആവശ്യവും രോഗികളുടെ ഭാഗത്തുനിന്ന് ഉയര്‍ന്നിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് ശേഖരിച്ചുവരികയാണ്.
ഞായറാഴ്ചയാവാം മോഷണം നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തിങ്കളാഴ്ചയാണ് ആശുപത്രി അധികൃതര്‍ വിവരം അറിഞ്ഞത്. മോഷ്ടിക്കപ്പെട്ട എസിയില്‍നിന്ന് ചെമ്പും കമ്പ്രസറും അടക്കമുള്ള ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത ശേഷം മറ്റു ഭാഗങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ സമീപത്തെ റെയില്‍വേയുടെ സ്ഥലത്ത് കണ്ടെത്തിയതായും പോലീസ് അറിയിച്ചു.