കൊല്ലം: മുന്‍ മന്ത്രിയും ആര്‍എസ്പി നേതാവുമായ ഷിബുബേബി ജോണിന്റെ കൊല്ലത്തെ കുടുംബ വീട്ടില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജിതമാക്കി.
ഫിംഗർ പ്രിന്റ് പരിശോധന തുടർന്നുവരികയാണെന്ന് കൊല്ലം ഈസ്റ്റ് സിഐ പറഞ്ഞു. വീടിന്റെ വാതില്‍ തുറന്ന് കവര്‍ച്ച നടത്തുന്ന മോഷ്ടാക്കളെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കൊല്ലം എസിപിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തുന്നത്.
കടപ്പാക്കടയിലുള്ള കുടുംബവീടായ വയലില്‍ വീട്ടില്‍ നിന്ന് 47 പവന് സ്വര്‍ണമാണ് നഷ്ടമായത്. വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത് അകത്തുകടന്ന ശേഷം ഗ്ലാസ് വാതിലുകളും തകര്‍ത്താണ് മോഷണം.
താഴത്തെ നിലയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളാണ് നഷ്ടമായത്. ഷിബു ബേബി ജോണിന്റെ മാതാവിന്റെ വിവാഹ സ്വര്‍ണാഭരണങ്ങളും സമ്മാനമായി ലഭിച്ച ആഭരണങ്ങളുമാണ് മോഷണം പോയതെന്ന് പോലീസ് പറഞ്ഞു.
രണ്ട് നിലയുള്ള വീട്ടിലെ എല്ലാമുറികളിലും മോഷ്ടാക്കള്‍ പ്രവേശിച്ചതായി കരുതുന്നതായി പോലിസ് പറഞ്ഞു. സാധാരണ ഈ വീട്ടില്‍ രാത്രി സമയങ്ങളില്‍ ആരും ഉണ്ടാവാറില്ല.
ഷിബുബേബി ജോണിന്റെ മാതാവ് പകല്‍ സമയങ്ങളില്‍ ഈ വീട്ടില്‍ എത്തുകയും രാത്രി ഷിബുവിന്റെ വീട്ടിലേക്ക് മടങ്ങുകയുമാണ് പതിവ്.
കഴിഞ്ഞ ദിവസം രാവിലെ പതിവ് പോലെ വീട്ടിൽ മാതാവെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. അര്‍ധ രാത്രിയോടെയാണ് മോഷണം നടന്നതായാണ് പോലീസ് സംശയിക്കുന്നത്.
ഒന്നില്‍ കൂടുതല്‍ പേര് ചേര്‍ന്നായിരിക്കും മോഷണം നടത്തിയതെന്നും സംശയിക്കുന്നു.ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി.
പോലിസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസ് നായ വീടിന് സമീപ പ്രദേശങ്ങളില്‍ ചുറ്റികറങ്ങിയശേഷം റോഡ് വരെ പോയി. മോഷ്ടക്കാള്‍ വാഹനത്തില്‍ എത്തിയെന്നാണ് പോലിസ് സംശയിക്കുന്നത്.
പോലീസ് സംഘം മൂന്ന് ടീം ആയി അന്വേഷണം നടത്തിവരികയാണ്. സമീപത്തെ സിസി ടിവി ദൃശ്യങ്ങൾ ഉൾപ്പടെയുള്ളവ പോലീസ് പരിശോധിച്ചുവരികയാണ്. പ്രതികൾ ഉടൻ പിടിയിലാകുമെന്നാണ് സൂചന