ചങ്ങനാശേരി: തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളിയുടെ ഓഫീസ് മുറി പൊളിച്ചു വൻ കവർച്ച. ഇന്നലെ രാത്രിയാണ് സംഭവം. പള്ളിയിൽനിന്നും വൈദിക മന്ദിരത്തിലേക്കുള്ള ഗ്രിൽ തുറന്ന് ഗ്ലാസ് ഡോറിന്റെ താഴെയുള്ള പ്ലൈവുഡ് ഇളക്കിമാറ്റിയാണ് മോഷ്ടാവ് വൈദികമന്ദിരത്തിൽ പ്രവേശിച്ചിരിക്കുന്നത്. താഴത്തെ നിലയിൽ താമസിക്കുന്ന വികാരിയുടെയും അസിസ്റ്റന്റ് വികാരിയുടെയും ഒന്നാം നിലയിലുള്ള മറ്റൊരു അസിസ്റ്റന്റ് വികാരിയുടെയും ഡീക്കന്റെയും മുറികൾ ഓടാന്പലിട്ട് പൂട്ടിയശേഷം പള്ളിയുടെ ഓഫീസിലെത്തിയാണു മോഷണം നടത്തിയത്.
പള്ളിമുറിയുടെ വാതിൽ പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് ഒരു സ്റ്റീൽ അലമാരയും ഒരു തടി അലമാരയും പൊളിച്ചിട്ടുണ്ട്. സ്റ്റീൽ അലമാരയിൽ സൂക്ഷിച്ചിരുന്ന പണം മോഷണംപോയിട്ടുണ്ട്. എത്രത്തോളം രൂപയാണ് മോഷണം പോയതെന്നു പരിശോധിച്ചുവരികയാണെന്നു പള്ളിക്കൈക്കാരന്മാർ പറഞ്ഞു. സ്റ്റീൽ അലമാരയുടെ വാതിൽ തകർത്ത് ലോക്കറുകളെല്ലാം തുറന്നിട്ട നിലയിലാണ്.
വികാരിയുടെ മുറിയുടെ പുറത്തുള്ള മേശയിൽ ഉണ്ടായിരുന്ന രേഖകളും പണവും ഓഫീസിലുണ്ടായിരുന്ന ചെക്കുകളും മോഷണംപോയതായി പള്ളി ഭാരവാഹികൾ പറഞ്ഞു. ഇന്നു രാവിലെ ഉണർന്ന് കുർബാനയ്ക്കായി പള്ളിയിലേക്കു പോകാൻ വാതിൽ തുറക്കാൻ ശ്രമിക്കുന്പോൾ തുറക്കാതെവന്നപ്പോൾ മറ്റുള്ള വൈദികരെ അസിസ്റ്റന്റ് വികാരി വിവരം അറിയിക്കുകയായിരുന്നു.
അവരുടെയും വാതിലുകൾ തുറക്കാനാവാതെ വന്നപ്പോൾ രാത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റിയെ വിവരം അറിയിച്ചു. സെക്യൂരിറ്റി വന്നുനോക്കിയപ്പോഴാണ് എല്ലാ വൈദികരുടെയും മുറികൾ ഓടാന്പലിട്ട് പൂട്ടിയനിലയിൽ കണ്ടെത്തിയത്. തുടർന്നുള്ള പരിശോധനയിലാണു വൈദികമന്ദിരത്തിന്റെ താഴത്തെ നിലയിലുള്ള പള്ളി ഓഫീസും അലമാരകളും പൊളിച്ചനിലയിൽ കണ്ടെത്തിയത്.
മോഷണം നടന്ന തൃക്കൊടിത്താനം ഫൊറോനപള്ളിയുടെ 250 മീറ്റർ ദൂരത്താണു തൃക്കൊടിത്താനം പോലീസ്സ്റ്റേഷന്റെ സ്ഥിതിചെയ്യുന്നത്. പള്ളി അധികൃതർ അറിയിച്ചതുപ്രകാരം തൃക്കൊടിത്താനം എസ്എച്ച്ഒ ജോയി, എസ്ഐ ഷെമീർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.