ചങ്ങനാശേരി: തൃക്കൊടിത്താനം ഫൊറോന പള്ളി ഓഫീസിലെ കവർച്ച, സിസി ടിവി കാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗതിയിൽ. വെള്ളിയാഴ്ച പുലർച്ചെയാണ് പള്ളി ഓഫീസിന്റെ വാതിൽ കുത്തിത്തുറന്ന് മോഷണം നടത്തിയത്.
വെള്ളിയാഴ്ച പുലർച്ചെ 1.32ന് രണ്ടു ബൈക്കുകളിലെത്തിയ രണ്ടു പേർ പള്ളിപ്പരിസരത്ത് ബൈക്ക് പാർക്ക്ചെയ്തശേഷം പോകുകയും 2.32ന് തിരികെയെത്തി ബൈക്കുകളിൽ കയറി തിരികെ പോകുന്നതുമായുള്ള ദൃശ്യങ്ങളാണ് പള്ളിക്കു സമീപത്തുള്ള വീടുകളിലെയും വ്യാപാരസ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങളിൽനിന്നു വ്യക്തമായിരിക്കുന്നു.
ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ ഈ കേസ് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുന്നത്. കോട്ടയം ജില്ലാ പോലീസ് മേധവി ഹരിശങ്കർ രൂപീകരിച്ച സ്ക്വാഡാണ് കേസ് അന്വേഷണം നടത്തുന്നത്. ചങ്ങനാശേരി ഡിവൈഎസ്പി എൻ.രാജൻ, തൃക്കൊടിത്താനം എസ്എച്ച്ഒ വി.പി. ജോയി, എസ്ഐ പി.എം. ഷമീർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. ഇവർ നാല് ടീമുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.
സിസിടിവിയുടെ ദൃശ്യങ്ങളുടെ പരിശോധനയ്ക്കായി ആറു പോലീസുകാരെ വേറെയും നിയോഗിച്ചിട്ടുണ്ട്. ദിവസവും വൈകുന്നേരങ്ങളിൽ അന്വേഷണ പുരോഗതി വിലയിരുത്തിയാണ് മുന്നോട്ടുപോകുന്നതെന്ന് ഡിവൈഎസ്പി എൻ. രാജൻ പറഞ്ഞു. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ട്.