മാന്നാർ: ചെന്നിത്തലയിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും 10 ലക്ഷം കവർന്ന സംഭവത്തിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കി. മാന്നാർ സ്റ്റേഷൻ ഹൗസ് ആഫീസർ ജോസ് മാധവിന്റെ നേതൃത്വത്തിലുള്ള പോലീസ് ടീമാണ് അന്വേഷണം നടത്തുന്നത്.
വിരലടയാള വിദഗ്ധരും പോലീസ് ഡോഗ് സ്ക്വാഡും നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം നീങ്ങുന്നത്.
ജംഗ്ഷനിലുള്ള കടകളിലെ സിസി ടിവി ദൃശ്യങ്ങളും പരിശോധിച്ചുവരുന്നു. കഴിഞ്ഞ ദിവസങ്ങളിലും ചെന്നിത്തലയിലെ വിവിധ കടകളിൽ മോഷണം നടന്നിരുന്നു.
ചെന്നിത്തല കിഴക്കേവഴി വെട്ടത്ത്വിള സ്കൂളിന് സമീപം പ്രവർത്തിക്കുന്ന ഭാരത് ഫിനാൻഷ്യൽ ഇൻക്യൂഷൻ ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിന്നാണ് 10 ലക്ഷത്തിന്റെ കവർച്ച നടന്നത്.
സ്ഥാപനത്തിന്റെ വാതിൽ കുത്തി തുറന്ന് അകത്ത് കടന്ന മോഷ്ടാക്കൾ ലോക്കറിൽ സൂക്ഷിച്ചിരുന്ന 10 ലക്ഷം രൂപ ലോക്കർ ഉൾപടെ അപഹരിക്കുകയായിരുന്നു. ചെറുകിട സംരംഭങ്ങൾ തുടങ്ങുവാൻ വനിതകളുടെ കൂട്ടായ്മയ്ക്ക് 25000 മുതൽ ഒരു ലക്ഷം വരെ നൽകുന്ന സ്ഥാപനമായിരുന്നു.
ചെങ്ങന്നൂർ, മാന്നാർ, ചെന്നിത്തല, ബുധനൂർ എന്നിവിടങ്ങളിൽ നിന്നും ലഭിച്ച വായ്പയുടെ തിരിച്ചടവ് തുകയും വായ്പയായി നൽകുവാൻ വച്ചിരുന്ന തുകയും ചേർത്തുള്ള 10 ലക്ഷമാണ് കവർന്നത്.
രാവിലെ ഇവിടെയെത്തിയ ജീവനക്കാർ ലോക്കർ തുറന്ന് കിടക്കുന്നത് കണ്ടതിനെ തുടർന്ന് മാന്നാർ പോലീസിൽ വിവിരം അറിയിക്കുകയായിരുന്നു. പോലീസ് മോഷ്ടാക്കൾക്ക് വേണ്ടിയുള്ള അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.