കോട്ടയം: സുഹൃത്തുക്കൾ ഹോട്ടലിൽ മുറിയെടുത്ത് ഒരുമിച്ച് മദ്യപിച്ചു. ഉറക്കത്തിൽ ഒരാളുടെ അഞ്ചു പവന്റെ മാല തട്ടിയെടുത്ത് സുഹൃത്ത് കടന്നു. മാല വിറ്റ് കാശാക്കുന്നതിനിടെ പോലീസ് പിടിയിലായി. ഇന്നലെ എസ്എച്ച് മൗണ്ട് ഭാഗത്തുള്ള ഹോട്ടലിൽ ചങ്ങനാശേരി സ്വദേശി റെജി (47)യുടെ മാലയാണ് സുഹൃത്ത് തട്ടിയെടുത്ത് മുങ്ങിയത്.
മാല തട്ടിയെടുത്തതിന് വേളൂർ കോയിപ്പുറത്തുചിറയിൽ ഷെമിനെ (28)യാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ ഉച്ചയോടെ ഇരുവരും ഹോട്ടലിൽ മുറിയെടുത്ത് മദ്യപിച്ചു. മദ്യലഹരിയിൽ റെജി ഉറങ്ങിപ്പോയി. ഈ തക്കത്തിന് ഷെമിൻ റെജിയുടെ മാല തട്ടിയെടുത്ത് മുങ്ങി.
വൈകുന്നേരത്തോടെ റെജി ഉണർന്നപ്പോഴാണ് മാല കാണാനില്ല എന്നറിയുന്നത്. ഉടനെ ഗാന്ധിനഗർ പോലീസിൽ പരാതി നല്കി. പോലീസ് കോട്ടയത്തെ ചില കേന്ദ്രങ്ങളിൽ നടത്തിയ അന്വേഷണത്തിലാണ് മാല വിൽക്കാനായി ഷെമിൻ എത്തിയ വിവരം അറിഞ്ഞത്. പിന്നീട് വലയിലാക്കുകയായിരുന്നു. 96000 രൂപയ്ക്കാണ് ഷെമിൻ മാല വിറ്റത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.