ഗാന്ധിനഗർ: ഗാന്ധിനഗറിൽ മോഷണം വ്യാപകമാകുന്നു. കശാപ്പിനു നിർത്തിയിരുന്ന അറവുമാടുകളെയും വിടില്ല. ഇറച്ചിവെട്ടുകാരനായ ഗാന്ധിനഗർ സ്വദേശി ബേബിയുടെ മൂന്നു മാടുകളാണു ചൊവാഴ്ച രാത്രിയിൽ മോഷണം പോയത്.
ഗാന്ധിനഗർ കവലയ്ക്കു സമീപമുള്ള ഒഴിഞ്ഞ പുരയിടത്തിലാണ് അറവുമാടുകളെ കെട്ടുന്നത്. ഈ സ്ഥലത്തിനു ചുറ്റുമതിലും വാതിലും ഉള്ളതാണ്.
ജീവനക്കാർ ഗേറ്റ് പൂട്ടി പോയതിനുശേഷം മതിൽ തകർത്ത് അകത്തു കയറിയ മോഷ്ടാക്കൾ അറവുമാടുകളുമായി കടന്നു കളയുകയായിരുന്നു.
റെയിൽവെ ലൈനിലൂടെ അടിച്ചിറ ഭാഗത്തേക്ക് എത്തിച്ചശേഷം മാടുകളെ വാഹനത്തിൽ കടത്തിയതായാണു കരുതുന്നത്.
സമീപത്തുള്ള പുരയിടത്തിൽ നിന്നിരുന്ന മാടുകളെ നിരീക്ഷിക്കാൻ സിസിടിവി കാമറകൾ സ്ഥാപിച്ചിട്ടുള്ളതിനാൽ ഇവിടെനിന്നും മാടുകളെ മോഷ്ടിച്ചില്ല. രണ്ടു ലക്ഷം രൂപയിലധികം വിലയുള്ളതാണു മാടുകൾ.
ഗാന്ധിനഗർ മേഖലയിൽ മോഷണം പതിവാകുന്നതിൽ ജനങ്ങൾ ആശങ്കാകുലരാണ്. ഏതാനും മാസങ്ങൾക്കു മുന്പ് എസ്എൻഡിപി ക്ഷേത്രത്തിലെ കാണിക്കവഞ്ചി തകർത്ത് മോഷ്ടാക്കൾ പണം അപഹരിച്ചിരുന്നു.
കഴിഞ്ഞ ദിവസം എംസി റോഡരികിലെ ഒന്പതു വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടന്നിരുന്നു. ഗാന്ധിനഗർ പോലീസ് ഇതു സംബന്ധിച്ച് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.