മുംബൈ: ഗീത പട്ടേൽ കവർച്ച നടത്തുന്നത് ഇതുവരെ കണ്ടിട്ടുള്ള രീതിയിലൊന്നുമല്ല. വയോധികരായ പുരുഷന്മാരുടെ അടുത്തുചെന്ന് അവരെ മാറോട് ചേർത്ത് ആലിംഗനം ചെയ്യും.
അതിനിടെ സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും ഉള്‍പ്പെടെ മോഷ്ടിക്കും. ഈ രീതിയിൽ ഒട്ടേറെ വയോധികരെ കൊള്ളയടിച്ച ഗീത പട്ടേലിനെ മലാഡ് പോലീസ് അറസ്റ്റ് ചെയ്തു.
72 വയസുള്ള മലാഡ് സ്വദേശിയില്‍നിന്ന് ഒരുലക്ഷംരൂപ വിലമതിക്കുന്ന സ്വര്‍ണമാല കവര്‍ന്ന കേസിലാണ് ഇപ്പോള്‍ ഇവരുടെ അറസ്റ്റ്.
ഷോപ്പിംഗിനുശേഷം വയോധികന് ഓട്ടോയില്‍ വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു സംഭവം. ഓട്ടോ കൈകാണിച്ച് നിര്‍ത്തിയ ഗീത ഇയാളോട് ലിഫ്റ്റ് ചോദിച്ചു.
തുടര്‍ന്ന് കയറാനുള്ള സമ്മതവും നല്കി. ഒരു കെട്ടിടത്തിനുമുന്നില്‍ ഓട്ടോ നിര്‍ത്താന്‍ ആവശ്യപ്പെട്ട യുവതി നന്ദിസൂചകമായി വയോധികനെ ആലിംഗനം ചെയ്തു. ഇതിനിടെയാണ് കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാല കവര്‍ന്നത്.
വീട്ടിലെത്തിയപ്പോഴാണ് ഇയാള്‍ മോഷണവിവരം അറിഞ്ഞത്. പരാതിയെ തുടർന്ന് സീനിയര്‍ ഇന്‍സ്പെക്ടര്‍ രവി അധാനെയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിൽ ഗീതയെ പിടികൂടുകയായിരുന്നു.