അമ്പലപ്പുഴ: മരണാനന്തര ചടങ്ങുകൾക്കായി വീട്ടുകാർ പള്ളിയിൽ പോയ സമയത്ത് മോഷണം. പഴ്സിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു.
പുറക്കാട് തെക്കേടത്തു വീട്ടിൽ സോണി ജോസഫിന്റെ വീട്ടിലാണ് മോഷണം നടന്നത്.സോണിയുടെ അമ്മ എലിസബത്ത് 23ന് മരിച്ചു.
ഇതിന്റെ കുഴി കാഴ്ചയ്ക്കായി ബന്ധുക്കൾ ഇന്നലെ രാവിലെ 9.30ന് പുറക്കാട് മാർ സ്ലീവാ പള്ളിയിലേക്ക് പോയി. 11.30 ഓടെ വീട്ടിൽ തിരികെയെത്തിയപ്പോൾ നിലത്തു കിടന്ന് ഒരു കമ്മൽ കിട്ടി.
തുടർന്നു നടത്തിയ തെരച്ചിലിലാണ് അലമാരയിൽ പഴ്സിൽ സൂക്ഷിച്ചിരുന്ന 12 ഗ്രാം മാല, ഒരു ഗ്രാം മോതിരം, ഓരോ ഗ്രാമിന്റെ 2 കമ്മൽ എന്നിവ നഷ്ടപ്പെട്ടതായി കണ്ടത്.
ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇതു സംബന്ധിച്ച് സോണി ജോസഫ് അമ്പലപ്പുഴ സ്റ്റേഷനിൽ പരാതി നൽകി.