അതിരമ്പുഴ: മൂന്ന് ആഴ്ചയോളം ആള്ത്താമസമില്ലാത്ത വീടിന്റെ വാതില് തകര്ത്ത് മോഷണം നടന്ന സംഭവത്തില് കാണാതായ സ്വര്ണം തിരികെ കിട്ടി. അതിരമ്പുഴ പാറോലിക്കല് റോഡില് റെയില്വേ ഗേറ്റിനു സമീപം വഞ്ചിപ്പത്രയില് വര്ഗീസ് ജോണിന്റെ വീട്ടിലാണു മോഷണം നടന്നത്.
മൂന്നര പവന് സ്വര്ണാഭരണങ്ങളും 7,000 രൂപയും നഷ്ടപ്പെട്ടെന്നാണ് ഉടമകള് പോലീസില് പരാതി നൽകിയത്. എന്നാല് കാണാതായ സ്വര്ണം ഇന്നലെ രാത്രിയോടെ വീട്ടില് നിന്നുതന്നെ കുടുബാംഗങ്ങള്ക്കു തിരികെ കിട്ടിയതായി പോലീസില് പറഞ്ഞു.
മകള്ക്കു നല്കിയ നൂറു പവന് സ്വര്ണാഭരണങ്ങളും വീടിന്റെ പെയിന്റിംഗ് ജോലികള്ക്കായി ബാങ്കില്നിന്നെടുത്തു സൂക്ഷിച്ചിരുന്ന മൂന്നു ലക്ഷം രൂപയും വീട്ടില് ഉണ്ടായിരുന്നു. കുമളിയിലേക്കു പോയപ്പോള് ഇത് ഇവര് ഒപ്പം കൊണ്ടുപോകുകയായിരുന്നു. ഈ സ്വര്ണവും പണവും വീട്ടില് ഉണ്ടാകുമെന്ന് അറിവുണ്ടായിരുന്നവരാണ് മോഷണത്തിനു പിന്നിലെന്നാണു സംശയിക്കുന്നത്.
അത്തരത്തില് സൂചന നല്കുന്ന മൊഴിയാണ് വര്ഗീസ് പോലീസിനു നല്കിയത്. വീടുമായി അടുപ്പമുള്ളവരെ കേന്ദ്രീകരിച്ചാണ് ഏറ്റുമാനൂര് പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.കുമളി സ്വദേശിയായ വര്ഗീസും കുടുംബവും ഏഴു വര്ഷമായി അതിരമ്പുഴയിലാണു താമസം. വര്ഗീസ്, ഭാര്യ, മകള് സ്റ്റെഫി, സ്റ്റെഫിയുടെ കൈക്കുഞ്ഞ്, വീട്ടു ജോലിക്കാരി എന്നിവരാണ് വീട്ടില് താമസിക്കുന്നത്.
കഴിഞ്ഞ 22ന് കുമളിയിലെ വീട്ടിലേക്കു പോയ ഇവര് ഞായറാഴ്ച ഉച്ചകഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് മോഷണം നടന്ന വിവരമറിയുന്നത്.വീടിന്റെ മുന്വാതിലിന്റെ അടിവശത്തേ ഒരു പാളി തകര്ത്താണ് മോഷ്ടാവ് വീടിനുള്ളില് കടന്നത്. സമാനമായ രീതിയില് തന്നെയാണു മറ്റു മുറികളിലും മോഷ്ടാവ് കടന്നത്.
വീടിനുള്ളിലെ ഒരു മുറിയുടെ പൂട്ട് കുത്തിപ്പൊളിച്ച നിലയിലാണ്. മുറിയില്നിന്ന് പുറത്തിറങ്ങാനാണ് പൂട്ട് പൊളിച്ചതെന്നു കരുതുന്നതായി പോലീസ് പറഞ്ഞു. മോഷ്ടാക്കള് മുറികളിലെല്ലാം തെരച്ചില് നടത്തി. അലമാരകളിലെ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. വീടിന്റെ പിന് വാതിലിലൂടെയാണ് മോഷ്ടാക്കള് തിരികെപ്പോയതെന്നും പോലീസ് സംശയിക്കുന്നു.വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡുമെത്തി നടത്തിയ പരിശോധനയില് മോഷ്ടാക്കളുടേതെന്നു കരുതുന്ന വിരലടയാളങ്ങള് ലഭിച്ചിട്ടുണ്ട്.