പയ്യന്നൂര്: വിവാഹത്തില് പങ്കെടുക്കാനായി തമിഴ്നാട്ടില്നിന്നുമെത്തി പയ്യന്നൂരിലെ ഹോട്ടലില് മുറിയെടുത്ത വനിതാ ഡോക്ടറുടെ ആറുപവന്റെ സ്വര്ണാഭരണങ്ങള് മോഷ്ടിച്ചു. ചെന്നൈ കാഞ്ചീപുരം ഗര്ഗംപക്കത്തെ ഡോ. സത്യശ്രീയുടെ ആഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടത്.
ചൊവ്വാഴ്ച രാത്രി 11നും ഇന്നലെ രാവിലെ 11നും ഇടയിലായിരുന്നു മോഷണം. വിവാഹത്തില് പങ്കെടുക്കാനെത്തിയ പരാതിക്കാരിയും ബന്ധുക്കളുമുള്പ്പെടുന്ന മുപ്പതോളം പേരടങ്ങുന്ന സംഘം പയ്യന്നൂര് ജുജു ഇന്റര് നാഷണല് ഹോട്ടലിലാണ് മുറിയെടുത്ത് താമസിച്ചിരുന്നത്.
പരാതിക്കാരി താമസിച്ചിരുന്ന 230-ാം നമ്പര് മുറിയില് നമ്പര് ലോക്കുള്ള സ്യൂട്ട്കേസില് പൂട്ടി സൂക്ഷിച്ചിരുന്ന ആറുപവനോളം തൂക്കം വരുന്ന രണ്ടു സ്വര്ണമാലകളാണ് മോഷ്ടിക്കപ്പെട്ടത്.
പരാതിക്കാരിയുടെ ലോക്കറ്റ് ഉള്പ്പെടെയുള്ള മാലയും ഇവരുടെ മരുമകളുടെ മാലയുമാണ് സ്യൂട്ട് കേസിലെ ബോക്സില് സൂക്ഷിച്ചിരുന്നത്. മാലകള് സൂക്ഷിച്ചിരുന്ന ജ്വല്ലറി ബോക്സ് സ്യൂട്ട്കേസില്ത്തന്നെ ഉപേക്ഷിച്ച നിലയിലായിരുന്നു.
മൂന്നര ലക്ഷത്തോളം വിലമതിക്കുന്ന ആഭരണങ്ങള് മോഷ്ടിക്കപ്പെട്ടതിനെതിരേ നല്കിയ പരാതിയില് കേസെടുത്ത പയ്യന്നൂര് പോലീസ് അന്വേഷണമാരംഭിച്ചു. നിരീക്ഷണ കാമറ ദൃശ്യങ്ങള് ശേഖരിച്ചുള്ള അന്വേഷണമാണ് പോലീസ് നടത്തുന്നത്.