കായംകുളം: സ്വർണ വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് അര കിലോ സ്വർണാഭരണങ്ങളും ഒന്നേകാൽ ലക്ഷം രൂപയും കവർച്ച നടത്തിയ സംഭവത്തിൽ ദുരൂഹതയുള്ളതായി പോലീസ് കണ്ടെത്തൽ. പോലീസിന്റെ വിദഗ്ധ അന്വേഷണത്തിലാണ് ഈ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ സ്വർണ വ്യാപാരിയായ മഹാരാഷ്ട്ര സ്വദേശി സന്തോഷ് പവാർ (29) നെ സ്റ്റേഷനിൽ വിളിച്ചുവരുത്തി പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
കഴിഞ്ഞ ദിവസമാണ് കായംകുളം ചേരാവള്ളി ഇല്ലത്തു വീട്ടിൽ വാടകക്കു താമസിക്കുന്ന സന്തോഷ് പവാറിന്റെ വീട്ടിൽ നിന്നും അര കിലോ സ്വർണാഭരണങ്ങളും 1,25,000 രൂപയും മോഷണം പോയതായി കായംകുളം പോലീസിൽ പരാതി നൽകിയത്.
കഴിഞ്ഞ നാലിന് രാത്രി സന്തോഷ് പവാറും കുടുംബവും ചേർത്തലയിലുള്ള ബന്ധുവീട്ടിൽ പോയി രണ്ടു ദിവസം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ വീടിന്റെ മുൻവശത്തെ കതക് കുത്തിത്തുറന്ന നിലയിൽ കണ്ടുവെന്നും വീടിനുള്ളിൽ കയറിയപ്പോഴാണ് മോഷണവിവരം അറിയുന്നതെന്നും സന്തോഷ് പവാർ പോലീസിന് മൊഴിനൽകി. കിടപ്പ് മുറിയിലെ മെത്തക്കടിയിൽ സൂക്ഷിച്ചിരുന്ന താക്കോൽ എടുത്ത് അലമാര തുറന്നാണ് മോഷണമെന്നുമായിരുന്നു മൊഴി.
ഇതേ തുടർന്ന് പോലീസും വിരലടയാള വിദഗ്ധരും എത്തി പരിശോധന നടത്തിയെങ്കിലും ഒരു തെളിവും കണ്ടെത്താനായില്ല. പോലീസ് വിവിധ ഭാഗങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് സംഭവത്തിൽ ദുരൂഹതയുള്ളതായി പോലീസിന് സംശയം തോന്നിയത്.
ഇതേത്തുടർന്ന് സ്വർണവ്യാപാരിയെ പോലീസ് ചോദ്യം ചെയ്യലിന് വിധേയമാക്കി. ഇതിൽ നിന്നും പോലീസിന് ചില നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന. ഇന്ന് വീണ്ടും വ്യാപാരിയെ ചോദ്യം ചെയ്യും. ഇതിൽ നിന്നും സംഭവത്തിന്റെ യഥാർഥ വിവരങ്ങൾ അറിയാൻ കഴിയുമെന്ന പ്രതീക്ഷയാണ് അന്വേഷണ സംഘത്തിനുള്ളത്. അടുത്തിടെ ഇയാൾ 50 ലക്ഷത്തോളം രൂപാ മുടക്കി വീടു വാങ്ങിയിരുന്നു. ഇതു മൂലം സാന്പത്തിക പ്രതിസന്ധിയുണ്ടായതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.