മുളങ്കുന്നത്തുകാവ്: പണമടങ്ങിയ പേഴ്സ് മോഷ്ടിച്ചയാളെ കണ്ടെത്താൻ പോലീസുകാരന്റെ തന്ത്രപരമായ ഇടപെടൽ. പോലീസുകാരന്റെ വിരട്ടലിൽ ഭയന്ന് മോഷ്ടാവ് പേഴ്സ് ഉപേക്ഷിച്ച് തടിതപ്പി. തൃശൂർ മെഡിക്കൽ കോളജ് പ്രസവവാർഡിലാണ് സംഭവം. പ്രസവവാർഡിലെ സ്ത്രീയുടെ 4500 രൂപയടങ്ങുന്ന പേഴ്സാണ് ഇന്നുരാവിലെ മോഷണം പോയത്. ഇവർ ടോയ്ല റ്റിലേക്ക് പോയപ്പോഴായിരുന്നു സംഭവം.
നാളത്തെ ഓപ്പറേഷനുള്ള പണമായിരുന്നു പേഴ്സിലുണ്ടായിരുന്നത്. പേഴ്സ് നഷ്ടപ്പെട്ടതോടെ സ്ത്രീ കരച്ചിലും ബഹളവുമായി. തുടർന്ന് ആശുപത്രി ജീവനക്കാർ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. വാർഡിലുണ്ടായിരുന്നവരെ പരിശോധിക്കാൻ ശ്രമിച്ചെങ്കിലും പലരും ഇത് എതിർത്തു. ഞങ്ങളെന്താ കള്ളന്മാരാണോ എന്ന് ചോദിച്ചാണ് ഇത് തടഞ്ഞത്.
ഇതിനിടെ വാർഡിലെത്തിയ മെഡിക്കൽ കോളജ് എയ്ഡ് പോസ്റ്റിലെ പോലീസുകാരൻ എ.ഇ. ബിനോയ് വാർഡിന്റെ രണ്ടു ഗ്രില്ലുകളും അടച്ചുപൂട്ടുകയും പേഴ്സ് മോഷ്ടിച്ചവർ അത് ഉപേക്ഷിക്കുന്നതാണ് നല്ലതെന്നും അല്ലെങ്കിൽ വനിതാ പോലീസിനെ കൊണ്ടുവന്ന എല്ലാവരേയും പരിശോധിക്കുമെന്നും വിരട്ടി.
പത്തുമിനുറ്റിനുള്ളിൽ മോഷ്ടിക്കപ്പെട്ട പേഴ്സ് തിരിച്ചുകൊടുക്കണമെന്നും ബിനോയ് പറഞ്ഞു.പത്തുമിനുറ്റിനു ശേഷം പേഴ്സ് ഉപേക്ഷിക്കപ്പെട്ട നിലയിൽ വാർഡിൽ നിന്നും കണ്ടെത്തി. വനിതാ പോലീസിനെ കൊണ്ടുവന്ന് പരിശോധിച്ചാൽ കുടുങ്ങുമെന്ന് ഭയന്ന് മോഷ്ടാവ് പേഴ്സ് ഉപേക്ഷിക്കുകയായിരുന്നു.