കേച്ചേരി: ചൂണ്ടൽ പഞ്ചായത്തിലെ കേച്ചേരിയിൽനിന്നും രോഗിയുമായി ആശുപത്രിയിൽ എത്തിയ ഓട്ടോറിക്ഷയിൽനിന്നും 20,000 രൂപ കവർന്നു. വേലൂർ കുറുമാൽ സ്വദേശി വേലുവിന്റെ മകൻ സജീഷിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയിൽനിന്നാണ് പണം കവർന്നത്. ഇന്നലെ രാവിലെ രോഗിയുമായി കുന്നംകുളം യൂണിറ്റി ആശുപത്രിയിലെത്തിയപ്പോഴാണ് മോഷണം.
ഓട്ടോ ആശുപത്രി കോന്പൗണ്ടിൽ പാർക്ക് ചെയ്ത് രോഗിയോടൊപ്പം കൗണ്ടറിലേക്ക് പോകുന്നതിനിടയിൽ ഓട്ടോയുടെ ബോക്സ് കള്ളത്താക്കോലിട്ട് തുറന്ന് 20,000 രൂപ കവരുകയായിരുന്നു. അതേസമയം ബോക്സിൽ കവറിൽ സൂക്ഷിച്ചിരുന്ന 9,000 രൂപ നഷ്ടപ്പെട്ടിട്ടില്ല.
ആശുപത്രി പരിസരത്ത് മോഷണം പതിവായിട്ടുണ്ടെന്നും മോഷ്ടാക്കളെ പിടികൂടാൻ നിരീക്ഷണ കാമറകൾ സ്ഥാപിക്കണമെന്നും ഓട്ടോതൊഴിലാളികളും പരിസരവാസികളും പറഞ്ഞു. സജീഷിന്റെ പരാതിയെത്തുടർന്ന് കുന്നംകുളം പോലീസ് അന്വേഷണമാരംഭിച്ചു.