ആലപ്പുഴ: വെണ്മണിയിൽ സ്വന്തം വീട്ടിൽ നിന്നും പണവും സ്വർണവും കവർന്ന കുടുംബനാഥൻ പോലീസ് പിടിയിൽ. വെണ്മണി പഞ്ചായത്ത് ഒൻപതാം വാർഡിൽ ബിനോയ് ഭവനത്തിൽ മിനിയുടെ വീടിന്റെ കിടപ്പുമുറിയുടെ വാതിൽ രാത്രി വെട്ടിപ്പൊളിച്ച് അകത്തുകടന്ന് മോഷണം നടത്തിയ ഭർത്താവ് ബെഞ്ചമിൻ(ഇടിക്കുള വർഗീസ്-54) ആണ് പിടിയിലായത്.
മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ടു സ്വർണമാല, ഒരു മോതിരം, അഞ്ചു സ്വർണവളകൾ ഉൾപ്പെടെ 11 പവനോളം ആഭരണങ്ങളും അയ്യായിരത്തോളം രൂപയും മോഷണം ചെയ്തതിന് മിനി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ വെണ്മണി പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
രണ്ടു വർഷത്തോളമായി വീട്ടിൽനിന്നു മാറിത്താമസിച്ചിരുന്ന പ്രതി നാടുവിട്ട് പോകുന്നതിനാണ് ഭാര്യ രാത്രി ജോലിക്കു പോയിരുന്ന സമയം പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്ന് മോഷണം നടത്തിയത്. കൃത്യത്തിനുശേഷം പ്രതി തിരുവനന്തപുരം, പന്തളം എന്നിവിടങ്ങളിൽ കഴിഞ്ഞുവരികയായിരുന്നു.
പ്രതി മൊബൈൽ ഫോണ് ഉപയോഗിക്കാതിരുന്നതിനാൽ സംഘംതിരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് പിടിയിലായത്.ആദ്യം മുതൽ തന്നെ ബഞ്ചമിനെ സംശയം തോന്നിയിരുന്നതിനാൽ പന്തളം കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്തുനിന്നു ഇയാളെ പിടികൂടി ചോദ്യം ചെയ്തതിൽ കുറ്റം സമ്മതിക്കുകയുമായിരുന്നു.
ചെങ്ങന്നൂർ ഡിവൈഎസ്പി ബിനുകുമാറിന്റെ നേതൃത്വത്തിൽ വെണ്മണി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ആന്റണി ബി.ജെ, അരുണ്കുമാർ.എ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രാജീവ്, റഹീം, അനുരൂപ്, അഭിലാഷ്, സിവിൽ പോലീസ് ഓഫീസർമാരായ ശ്യാംകുമാർ, ജയരാജ്, ഫ്രാൻസിസ് സേവ്യർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.