പത്തനംതിട്ട: പത്തനംതിട്ട നഗര മധ്യത്തിലെ ജ്വല്ലറിയിൽനിന്നു 4.5 കിലോ സ്വർണവും 13 ലക്ഷം രൂപയും കവർന്നു രക്ഷപ്പെട്ട സംഘത്തിലെ അവസാന പ്രതിയും പിടിയിൽ. സ്വർണവും പണവുമായി രക്ഷപ്പെട്ട സുനിൽ ജാദവിനെയാണ് സേലം പോലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച സ്വർണവും പണവും ഇയാളിൽനിന്നു പോലീസ് കണ്ടെടുത്തു.
സംഘത്തിലെ മറ്റംഗങ്ങളും പോലീസിന്റെ പിടിയിലായിരുന്നു. പുലർച്ചെ സേലത്ത് വാഹനപരിശോധനയ്ക്കിടെ നാലു പേർ പിടിയിലായി. കവർച്ച ആസൂത്രണം ചെയ്ത മഹാരാഷ്ട്ര സ്വദേശിയായ ജീവനക്കാരൻ അക്ഷയ് പാട്ടീലിനെ ഞായറാഴ്ച തന്നെ പിടികൂടി. പിടിയിലായവർ ഇപ്പോൾ സേലം പോലീസിന്റെ കസ്റ്റഡിയിലാണുള്ളത്. ഇവരെ കൊണ്ടുവരുന്നതിനായി പത്തനംതിട്ട പോലീസ് സേലത്തേക്കു തിരിച്ചിട്ടുണ്ട്.
ഞായറാഴ്ച വൈകിട്ട് പത്തനംതിട്ട മുത്താരമ്മൻ കോവിലിനു സമീപമുള്ള കൃഷ്ണ ജ്വല്ലറിയിലാണു കവർച്ച നടന്നത്. ജീവനക്കാരനെ ബന്ദിയാക്കി നാലു കിലോഗ്രാം സ്വർണവും 13 ലക്ഷം രൂപയും സംഘം കവർന്നു. മഹാരാഷ്ട്ര സാംഗ്ലി സ്വദേശി സുരേഷ് സേട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറി.
ജ്വല്ലറി ജീവനക്കാരനായ സന്തോഷിനെ മർദിച്ച ശേഷം മറ്റൊരു ജീവനക്കാരനായ മഹാരാഷ്ട്ര സ്വദേശി അക്ഷയ് പാട്ടീലിന്റെ നേതൃത്വത്തിലെത്തിയ നാലംഗ സംഘമാണു സ്വർണവും പണവും കവർന്നത്. തന്നെ അന്വേഷിക്കുന്നതറിഞ്ഞ് അക്ഷയ് രാത്രിയിൽ പത്തനംതിട്ട പോലീസിൽ കീഴടങ്ങുകയായിരുന്നു. 12 ദിവസം മുന്പാണ് ഇയാൾ കൃഷ്ണ ജ്വല്ലറിയിൽ ജോലിയിൽ പ്രവേശിച്ചത്.
സന്തോഷും അക്ഷയ് പാട്ടീലും മാത്രമാണ് ജ്വല്ലറിയിൽ ഉണ്ടായിരുന്നത്. ഞായറാഴ്ചയായിരുന്നതിനാൽ അടച്ചിട്ടിരുന്ന കട ഒരു ഇടപാടുകാരനു വേണ്ടിയാണ് വൈകുന്നേരം തുറന്നത്.ഉടമ വിളിച്ചറിയിച്ചതനുസരിച്ചു ജീവനക്കാരനായ സന്തോഷ് എത്തിയാണു വൈകുന്നേരം കട തുറന്നത്.
കട തുറന്നപ്പോൾ മറ്റൊരു ജീവനക്കാരനായ അക്ഷയ് പാട്ടീലിനൊപ്പം എത്തിയ നാലംഗ സംഘം, സന്തോഷിനെ അടിച്ചുവീഴ്ത്തി വായിൽ തുണി തിരുകി ജ്വല്ലറിയുടെ പിന്നിലെ മുറിയിലിട്ടു മർദിച്ചു. അക്ഷയ് പാട്ടീലും ഇവർക്കൊപ്പം കൂടി. സന്തോഷിനെ മർദിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ കടയിൽ സ്വർണം വാങ്ങാനായി ഇടപാടുകാരൻ കുടുംബസമേതം എത്തി. ഇതറിഞ്ഞു പുറത്തെത്തിയ അക്ഷയ് പാട്ടീൽ ഒന്നും സംഭവിക്കാത്ത രീതിയിൽ പെരുമാറുകയും അവർ ആവശ്യപ്പെട്ട സ്വർണം നൽകുകയും ചെയ്തു.
മോഷണത്തിനു ശേഷം പുറത്തിറങ്ങിയ സംഘം ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെട്ടു. ഓട്ടോക്കാരൻ ഇവരെ റിംഗ് റോഡിൽ ഇറക്കുകയും അവിടെനിന്ന് അവർ സ്കോർപ്പിയോയിൽ കയറി രക്ഷപ്പെടുകയുമായിരുന്നു. സംഘം മടങ്ങിയതിനു ശേഷമാണ് സന്തോഷിനു പുറത്തു കടക്കാനായത്. ഇയാൾ പുറത്തു വന്നാണ് മോഷണവിവരം പറയുന്നത്. അപ്പോഴേക്കും മോഷ്ടാക്കൾ രക്ഷപ്പെട്ടിരുന്നു.
ആസൂത്രകൻ അക്ഷയ് തന്നെ
പത്തനംതിട്ട: പത്തനംതിട്ട കൃഷ്ണ ജ്വല്ലറി കവർച്ചയുമായി ബന്ധപ്പെട്ട സംഭവത്തിലെ മുഖ്യ ആസൂത്രകൻ അക്ഷയ് പാട്ടീൽ തന്നെയെന്ന് വ്യക്തമായി. ജ്വല്ലറി ഉടമ മഹാരാഷ്ട്ര സ്വദേശിയായ സുരേഷ് സേട്ടിന്റെ ബന്ധു കൂടിയായ അക്ഷയ് 12 ദിവസം മുന്പാണ് ഇവിടെ ജോലിക്കെത്തിയത്.
ഞായറാഴ്ച ആയിരുന്നതിനാൽ കട അടച്ചിട്ടിരിക്കുകയായിരുന്നു. ഉടമ സുരേഷ് പത്തനംതിട്ടയിലും ഉണ്ടായിരുന്നില്ല. അവധിദിവസം സ്ഥാപനം കഴുകാൻ വേണ്ടി അക്ഷയ് നേരത്തെ എത്തിയിരുന്നു. ഇയാളാണ് കട തുറന്നത്. ഒപ്പം എത്തിയ കവർച്ചാസംഘം പുറത്തു കാത്തുനിന്നു. വൈകുന്നേരം ഒരു ഇടപാടുകാരൻ കുടുംബസമേതം എത്തുമെന്നും സ്വർണം നൽകണമെന്നും പറഞ്ഞതനുസരിച്ച് ജ്വല്ലറിയിലെ ജീവനക്കാരനായ സന്തോഷും എത്തി. ഇയാളുടെ പക്കലായിരുന്നു സ്വർണവും പണവും സൂക്ഷിച്ചിരുന്ന ലോക്കറിന്റെ താക്കോൽ.
സന്തോഷ് ലോക്കർ തുറക്കാൻ തുടങ്ങവേ സംഘം ഇയാളെ ആക്രമിച്ചു. സ്ട്രോം്ഗ് റൂമിനുള്ളിൽ വായിൽ തുണി തിരുകിക്കയറ്റി മർദിച്ച് ബന്ദിയാക്കി. തുടർന്ന് താക്കോൽ വാങ്ങി സ്വർണവും പണവും അപഹരിച്ചു. ഇതിനിടെ മുൻകൂട്ടി പറഞ്ഞ ഇടപാടുകാരൻ കടയിലെത്തുകയും സ്വർണം ആവശ്യപ്പെടുകയും ചെയ്തു. പുറത്തെത്തിയ അക്ഷയ് ആണ് ഇവർക്ക് സ്വർണം എടുത്തു നൽകിയത്. ഇതിനിടെ ഉള്ളിൽ നിന്നു ശബ്ദം കേട്ട് സംശയം തോന്നിയ ഇടപാടുകാരൻ വിവരം ആരാഞ്ഞു.
ഇടപാടുകാരൻ സംശയിക്കുന്നതായി മനസിലാക്കിയ സംഘം സ്വർണവും പണവും ബാഗിലാക്കി രക്ഷപെട്ടു. ഇവരോടോപ്പം അക്ഷയും സ്ഥലം വിട്ടു. ഓട്ടോറിക്ഷയിലാണ് സംഘം പോയത്. ഓട്ടോറിക്ഷ ബസ് സ്റ്റാൻഡിനു സമീപം റിംഗ് റോഡരികിൽ പാർക്ക് ചെയ്തിരുന്ന സ്കോർപ്പിയോയ്ക്കു സമീപം നിർത്തിച്ചു.
ഓട്ടോക്കാരന് 300 രൂപയും നൽകി അവർ സ്കോർപ്പിയോയിൽ കയറി രക്ഷപെട്ടു.കടയ്ക്കുള്ളിൽ പിന്നീടാണ് ജീവനക്കാരനായ സന്തോഷിനെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഇയാളുടെ മൂക്കിനു സാരമായി പരിക്കേറ്റിരുന്നു. കടയിലെത്തിയ ഇടപാടുകാരനും സമീപത്തുണ്ടായിരുന്നവരുമാണ് പോലീസിൽ വിവരം കൈമാറിയത്.