കൊച്ചി: വീട് കുത്തിത്തുറന്ന് ഉൾപ്പെടെ മോഷണം നടത്തുന്ന വൻ സംഘം കൊച്ചിയിൽ എത്തിയിട്ടുണ്ടെന്ന് പോലീസ്. ഒരു ഇടവേളയ്ക്കുശേഷം ഇത്തരക്കാരുടെ വരവ് വർധിച്ചതോടെ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പോലീസ് പിടിയിലായ തമിഴ്നാട് സ്വദേശിനിയിൽനിന്നുമാണു ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോലീസിനു ലഭിച്ചതെന്നാണു വിവരം. വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിലാണു തമിഴ്നാട് സ്വദേശിനിയെ എറണാകുളം നോർത്ത് പോലീസ് പിടികൂടിയത്.
പച്ചാളം കണ്ണാന്പള്ളി റോഡിൽ കിഴവന പറന്പിൽ രേണുകയുടെ വീട് കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന 1200 രൂപ, ഫാൻ, കുക്കർ, തേപ്പുപെട്ടി എന്നിവ കവർന്ന കേസിൽ തമിഴ്നാട് സ്വദേശി ലക്ഷമിയാണ് (30) പിടിയിലായയത്. ഉച്ചയോടെ പുറത്തുപോയ കുടുബം വൈകിട്ട് തിരികെയെത്തുന്പോഴാണ് മോഷണവിവരം അറിയുന്നത്.
പരാതി നൽകിയതിനെത്തുടർന്ന് പരിസര പ്രദേശങ്ങളിലെത്തി അന്വേഷണം നടത്തിയ പോലീസ് പച്ചാളം ഭാഗത്തുനിന്ന് ചാക്കുകെട്ടുമായി പ്രതിയെ പിടികൂടുകയായിരുന്നു. വീടിന്റെ അടുക്കള ഭാഗത്ത് സൂക്ഷിച്ചിരുന്ന പാര ഉപയോഗിച്ച് വാതിലിന്റെ പൂട്ട് തകർത്താണ് ഇവർ അകത്തുകയറിയതെന്നു പോലീസ് പറഞ്ഞു.
ഇത്തരത്തിൽ മോഷണം നടത്തുന്ന സംഘം കൊച്ചിയിൽ എത്തിയിട്ടുണ്ടെന്നാണ് അധികൃതർ നൽകുന്ന വിവരങ്ങൾ. പകൽ സമയങ്ങളിലും മറ്റും ആൾതാമസമില്ലാത്ത വീടുകൾ കണ്ടുവച്ചശേഷം മോഷണം നടത്തിവരികയാണ് ഇത്തരക്കാരുടെ രീതി.