തൃശൂർ: രാത്രിയിൽ ആരും കാണാതെ വ്യാപാരസ്ഥാപനങ്ങളിൽ കടന്നു മോഷണം നടത്താമെന്ന് കള്ളന്മാർ കരുതേണ്ട. മോഷണശ്രമം കൈയോടെ പിടിക്കാനുള്ള ജാഗ്രതാസംവിധാനത്തിനു തൃശൂരിൽ തുടക്കമായി. മോഷ്ടാക്കൾ അതിക്രമിച്ചു കടന്നാലുടൻ പോലീസ് കണ്ട്രോൾ റൂമിൽ അപായ മുന്നറിയിപ്പ് ലഭിക്കുന്ന സംവിധാനമായ സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിംഗ് സിസ്റ്റമാണ് (സിഐഎംഎസ്) പ്രവർത്തനം ആരംഭിച്ചത്.
പൂത്തോളിലെ കെഎംജെ ജ്വല്ലറിയിലായിരുന്നു തുടക്കം. സംവിധാനം ഫലപ്രദമാണോ എന്നു പരിശോധിക്കാൻ കമ്മിഷണർ ജി.എച്ച്. യതീഷ് ചന്ദ്ര തന്നെ എത്തി. മോഷണശ്രമമെന്ന വിവരം ലഭിച്ച് 15 മിനിറ്റിനുള്ളിൽ വെസ്റ്റ് സ്റ്റേഷനിൽനിന്ന് പോലീസ് സംഘമെത്തിയതോടെ ജാഗ്രതാസംവിധാനം വിജയമാണെന്നു കണ്ടെത്തി.
മോഷ്ടാക്കൾ അതിക്രമിച്ചു കടന്നാലുടൻ പോലീസ് കണ്ട്രോൾ റൂമിൽ സിസിടിവി ദൃശ്യങ്ങളടക്കം അപായ മുന്നറിയിപ്പ് ലഭിക്കും. ജ്വല്ലറിയിലെ സെൻസറുകളിൽനിന്നു കണ്ട്രോൾ റൂമിലേക്കു മോഷണശ്രമമെന്ന വിവരം ലഭിച്ചതോടെ വെസ്റ്റ് സ്റ്റേഷനിൽനിന്ന് പോലീസ് സംഘമെത്തുകയായിരുന്നു.പദ്ധതിയുടെ ഉദ്ഘാടനം കമ്മീഷണർ നിർവഹിച്ചു. ഉദ്ഘാടനത്തിനു ശേഷമാണ് സംവിധാനം വിജയകരമാണോ എന്നു കമ്മീഷണർ പരിശോധിച്ചത്.
ബാങ്കുകളിലും ജ്വല്ലറികളിലും വ്യാപാരസ്ഥാപനങ്ങളിലും മോഷണം തടയാനുള്ള തൽസമയ ജാഗ്രതാ സംവിധാനത്തിനാണ് തുടക്കമായത്. സുരക്ഷാഭീഷണിയുള്ള സ്ഥാപനങ്ങൾക്കുപുറമെ വീടുകൾക്കും 24 മണിക്കൂറും സുരക്ഷയൊരുക്കാനാകും. സംഭവം നടക്കുന്ന സ്ഥലത്തിന്റെ റൂട്ട്മാപ്പും ഫോണ്നന്പറും സഹിതം അതതു സ്റ്റേഷനുകളിലേക്ക് അറിയിപ്പ് നൽകാൻ സിഐഎംഎസ് സംവിധാനത്തിനു കഴിയും. ഏഴു മിനിറ്റിനകം പോലീസ് സ്ഥലത്തെത്തുമെന്നതാണ് സിസ്റ്റത്തിന്റെ പ്രത്യേകത.
പോലീസിന്റെ കുറ്റവാളിപ്പട്ടികയിൽ പെട്ടവർ സ്ഥാപനങ്ങളിലെത്തിയാൽ കൈയോടെ പിടികൂടാൻ “ഫേസ് റെക്കഗ്നീഷൻ’ കാമറകൾ സ്ഥാപിക്കാനും ലക്ഷ്യമിടുന്നതായി കമ്മീഷണർ അറിയിച്ചു.