വൈപ്പിൻ: മുരുക്കുംപാടം സെന്റ്മേരീസ് സ്കൂളിനു എതിർവശത്തു താമസിക്കുന്ന ഓട്ടോ ഡ്രൈവറായ കടന്പുകാട് ഫ്രെഡിയുടെ വീട്ടിൽനിന്നും രണ്ട് വർഷം മുന്പ് പട്ടാപ്പകൽ പതിമൂന്നര പവൻ കവർന്ന സംഭവത്തിനു ഇതുവരെ തുന്പായില്ല. രണ്ട് വർഷം പിന്നിട്ടതോടെ പോലീസും ഇതു മറന്നമട്ടാണ്. മോഷ്ടാവിന്റെ ചിത്രം ബസ് സ്റ്റോപ്പിലെ സിസിടിവി കാമറയിൽ പതിഞ്ഞിരുന്നെങ്കിലും ആളെ തിരിച്ചറിയാനായിട്ടില്ല.
രണ്ട് ദിവസത്തിനുശേഷം ഇതേ മോഷ്ടാവ് തന്നെ മറ്റൊരു വേഷത്തിൽ കൊച്ചി നഗരത്തിലെ ഒരു ലോഡ്ജിൽ പ്രത്യക്ഷപ്പെട്ട സംഭവവും പോലീസിന്റെ അന്വേഷണത്തിൽ ആയിടക്ക് തെളിഞ്ഞിരുന്നു. എന്നാൽ വിദഗ്ദനായ മോഷ്ടാവ് പോലീസിനു പിടികൊടുക്കാതെ നഗരത്തിൽ നിന്നും മുങ്ങുകയായിരുന്നു.
2017 മാർച്ച് എട്ടിനു പകലായിരുന്നു മോഷണം. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് മുൻവാതിൽ കുത്തിപ്പൊളിച്ച് അകത്തുകയറിയ മോഷ്ടാവ് അലമാര കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. ആദ്യം 25 പവൻ ആഭരണങ്ങൾ നഷ്ടമായെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ പിന്നീടുള്ള പരിശോധനയിൽ അലമാരക്കുള്ളിലെ വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ചിരുന്ന പേഴ്സിനുള്ളിൽ നിന്നും 11.5 പവന്റെ ആഭരണങ്ങൾ കണ്ടെത്തി.
ബാക്കി അലമാരയിൽ ബോക്സിൽ സൂക്ഷിച്ചിരുന്ന 13.5 പവന്റെ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. സംഭവദിവസം വൈകുന്നേരം 4.20നു മുരുക്കുംപാടം ബസ് സ്റ്റോപ്പിലെ സിസിടിവി കാമറയിൽ പതിഞ്ഞ അപരിചതനാണ് മോഷ്ടാവെന്ന് പോലീസിനു വ്യക്തമായിരുന്നു. ഏതാണ്ട് അഞ്ച് മിനിറ്റോളം ഇയാൾ സ്റ്റോപ്പിൽ നിന്നിട്ടുണ്ട്. ഈ സമയത്ത് ഇയാൾ ധരിച്ചിരുന്ന ചുവന്ന വരയൻ ടീഷർട്ട് ഊരിമാറ്റി ബാഗിനുള്ളിൽ നിന്നും കറുത്ത വരയൻ ടീ ഷർട്ട് എടുത്ത് ധരിക്കുന്ന ദൃശ്യങ്ങളും കാമറയിൽ ഉണ്ടായിരുന്നു.
സംഭവദിവസം വൈകുന്നേരം 4.15ഓടെ ഫ്രെഡിയുടെ ഭാര്യ ഫിലോമിന കുടുംബശ്രീ മീറ്റിംഗ് കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് വരുന്പോൾ വീടിന്റെ പടിഞ്ഞാറു ഭാഗത്തുള്ള വഴിയിലൂടെ താടിവച്ച ഒരു അപരിചിതനെ കണ്ടെന്ന് പോലീസിനു മൊഴി നൽകിയിരുന്നു. ഇയാളുടെ കൈയിൽ ഒരു കറുത്ത ബാഗും ഉണ്ടായിരുന്നത്രേ. സിസിടിവി കാമറയിൽ കണ്ടയാളും വീട്ടമ്മ വീടിനടുത്തുകണ്ടയാളും ഒരാൾതന്നെയാണെന്ന് ഇവർ തിരിച്ചറിയുകയും ചെയ്തു.
മുരുക്കുംപാടം ബസ് സ്റ്റോപ്പിൽനിന്നും ആദ്യം വടക്കോട്ട് പറവൂർ ഭാഗത്തേക്കുള്ള ബസിൽ കയറിയ ഇയാൾ നാലു കിലോമീറ്റർ സഞ്ചരിച്ച് എളങ്കുന്നപ്പുഴ നടവഴിയിൽ ഇറങ്ങിയശേഷം തെക്കോട്ടേക്ക് എറണാകുളം ഭാഗത്തേക്കുള്ള ബസിൽ കയറി ഇടക്ക് തെക്കൻമാലിപ്പുറം സ്റ്റോപ്പിൽ ഇറങ്ങിയതായി ദൃസാക്ഷികൾ ഉണ്ടായിരുന്നു.
വൈപ്പിൻ സ്റ്റാൻഡിലേക്കുള്ള ബസിലെ കണ്ടക്ടറോട് ഹിന്ദിയിൽ റെയിൽവേ സ്റ്റേഷൻ എവിടെയാണെന്ന് തിരക്കിയതായ വിവരവും പോലീസിനു ആയിടക്ക് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞിരുന്നു. എന്നാൽ മോഷ്ടാവിനു വേണ്ടി പോലീസ് റെയിൽവേ സ്റ്റേഷനുകളിലും വടക്കേ ഇന്ത്യക്കാർ താമസിക്കുന്ന ലേബർ ക്യാന്പുകളിലും മറ്റിടങ്ങളിലും നഗരത്തിലും വ്യാപകമായി അരിച്ചുപെറുക്കി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.