നാദാപുരം: കല്ലാച്ചി ടൗണിൽ ജ്വല്ലറിയുടെ ചുമർ തുരന്ന് കവർച്ച നടത്തിയ സംഭവത്തിന് പിന്നിൽ ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കവർച്ചാ സംഘമാണെന്ന് സൂചന. കഴിഞ്ഞ ഡിസംബർ നാലിന് പുലർച്ചെയാണ് കല്ലാച്ചി പഴയ മാർക്കറ്റ് റോഡിലെ റിൻസി ജ്വല്ലറിയുടെ പിൻഭാഗത്തെ ചുമർ തുരന്ന് 220 പവൻ സ്വർണാഭരണങ്ങളും മൂന്നര ലക്ഷം രൂപയും കവർന്നത്. കല്ലാച്ചി പഴങ്കൂട്ടത്തിൽ കേളുവിന്റെ ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറി.
യാതൊരു വിധ തെളിവുകളും അവശേഷിപ്പിക്കാതെയായിരുന്നു മോഷണം. ഗ്യാസ് കട്ടർ പോലുള്ള ഉപകരണങ്ങൾ ഒന്നും ഉപയോഗിക്കാതെ കമ്പിപ്പാര ഉപയോഗിച്ച് ചുമർ തുരന്ന് സേഫ് ലോക്കർ അടിച്ചു പൊളിച്ച് സ്വർണവും പണവും കൈക്കലാക്കുകയായിരുന്നു. നാദാപുരം എസ്ഐ എൻ. പ്രജീഷിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സംഘമാണ് കേസന്വേഷിക്കുന്നത്. വടകര റൂറൽ എസ്പി ജി. ജയദേവിന്റെ കീഴിലുള്ള സ്പെഷൽ സ്ക്വാഡിലെയും നാദാപുരം സ്റ്റേഷനിലെയും പോലീസുകാർ സംഘത്തിൽ അംഗങ്ങളാണ്.
വളരെ വർഷങ്ങളായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് വൻ കവർച്ചകൾ നടത്തി വന്നിരുന്ന സംഘത്തിലേക്കാണ് അന്വേഷണം എത്തി നിൽക്കുന്നത്. യാതൊരു വിധ തെളിവുകളും കൃത്യം നടത്തിയ സ്ഥലങ്ങളിൽ ഈ സംഘം അവശേഷിപ്പിക്കാറില്ല. മോഷണത്തിന് ഇറങ്ങുമ്പോൾ മൊബൈൽ ഫോണും മറ്റ് ആധുനിക മാർഗങ്ങളും ഉപയോഗിക്കാറില്ല. അതിനാൽ തന്നെ ഈ സംഘം വർഷങ്ങളായി പൊലീസിന്റെ കാണാമറയത്ത് നിന്ന് കൊണ്ട് ഓരോ മോഷണവും ആസൂത്രണം ചെയ്ത് നടപ്പാക്കുകയായിരുന്നു.
കേരളത്തിൽ അങ്ങോളമിങ്ങോളം കവർച്ചകൾ നടത്തിയ ശേഷം നാട്ടിൽ തമ്പടിക്കുകയാണ് പതിവ്. നാദാപുരം, വടകര പരിധിയിലെ മൊബൈൽ ടവർ ഡമ്പുകളും മൂന്നു ലക്ഷത്തോളം മൊബൈൽ ഫോൺ കോളുകളും സിസിടിവി ദൃശ്യങ്ങളും കേസന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചിരുന്നു. നാദാപുരം മേഖലയിൽ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളും ചില മൊഴികളുമാണ് കേസന്വേഷണത്തിൽ നിർണായക തെളിവുകളായത്.
സംസ്ഥാനത്ത് കണ്ണൂർ കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ സമാനമായ രീതിയിൽ നടന്ന കവർച്ചകൾക്ക് പിന്നിലും ഇതേ സംഘം തന്നെയാകാമെന്നാണ് പൊലീസിന്റെ നിഗമനം. കഴിഞ്ഞ നവംബർ ഒന്നിന് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത വിവിധ ജ്വല്ലറികളിൽ നടന്ന കവർച്ചകളിൽ ഇതേ സംഘം തന്നെയാണെന്ന് സൂചനയുണ്ട്.
തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ കേന്ദ്രീകരിച്ചാണ് സംഘം മോഷണം ആസൂത്രണം ചെയ്യുന്നതെങ്കിലുംകവർച്ചയ്ക്കായി പ്രധാനമായും തെരഞ്ഞെടുക്കുന്നത് കേരളത്തിലെ ജ്വല്ലറികളാണ്.