കണ്ണൂർ: മാധ്യമപ്രവർത്തകനെയും ഭാര്യയെയും കെട്ടിയിട്ടു കവർച്ച നടത്തിയത് ബംഗ്ലാദേശ് സംഘമെന്ന് പോലീസ് ഉറപ്പിച്ചു. പ്രതികളെകുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. അന്വേഷണത്തിനായി പ്രത്യേകസംഘത്തിലെ ഒരു സ്ക്വാഡ് മുംബൈയിൽ എത്തിയിട്ടുണ്ട്. മുംബൈയിൽ സമാനമായ രീതിയിൽ നേരത്തെ കവർച്ച നടന്നിരുന്നു. ഇവിടുത്തെ ഡിവൈഎസ്പിയുമായും അന്വേഷണസംഘം ചർച്ചനടത്തി.
സംസ്ഥാനത്തുണ്ടായ സമാനമായ കവർച്ചാസംഭവങ്ങൾ പരിശോധിച്ചതിൽനിന്നാണ് ബംഗ്ലാദേശുകാർ ഉൾപ്പെട്ട സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്ന് വിലയിരുത്തലിൽ അന്വേഷണ സംഘം എത്തിച്ചേർന്നത്. മോഷ്ടാക്കളുടെ ഉയരക്കുറവ്, ഹിന്ദിയും ഇംഗ്ലീഷും കലർന്നുള്ള സംസാരം, ആക്രമണരീതി തുടങ്ങിയവയിൽനിന്നാണ് പോലീസ് നിഗമനത്തിലെത്തിയത്.
കണ്ണൂർ ഡിവൈഎസ്പി പി.പി.സദാനന്ദന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്. അഞ്ച് സ്ക്വാഡുകളായി തിരിഞ്ഞാണ് അന്വേഷണം. ഇതിൽ ഒരു ടീമാണ് മുംബൈയിലേക്ക് പുറപ്പെട്ടത്. മറ്റൊരു ടീം എറണാകുളത്തും എത്തിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പത്തിലേറെ വീടുകൾ കൊള്ളയടിച്ച സംഘമാണു കണ്ണൂരിലും എത്തിയതെന്നാണു പോലീസ് നിഗമനം.
ബംഗ്ലാദേശ് അതിർത്തിയിൽ നിന്നും ഡൽഹിയിലെത്തി കൊള്ള നടത്തിയ ഈ സംഘം പിന്നീട് രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കും കൊള്ള വ്യാപിപ്പിക്കുകയായിരുന്നു. ഈ സംഘത്തിൽ ഉൾപ്പെട്ട ആറു പേർ എറണാകുളത്ത് പോലീസ് പിടിയിലായിരുന്നു. തങ്ങളുടെ സംഘത്തിൽപെട്ട ഏഴു പേർ പുറത്തുണ്ടെന്നു ചോദ്യം ചെയ്യലിൽ അറസ്റ്റിലായ പ്രതികൾ സമ്മതിച്ചിരുന്നു. ആ വഴിക്കാണു നിലവിൽ അന്വേഷണ സംഘം നീങ്ങുന്നത്.
അതിനിടെ സംസ്ഥാനത്തു നടന്ന ഇത്തരം കൊള്ളകളിൽ പ്രതികൾ ഉപയോഗിച്ച ഭാഷ ഒന്നാണെന്നും അന്വേഷണ സംഘത്തിനു വ്യക്തമായി. പാകിസ്ഥാൻ ഉറുദു അടങ്ങിയ ഹിന്ദി ഭാഷയാണു കൊള്ളസംഘം സംസാരിക്കുന്നതെന്നും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കണ്ണൂരിലും ഇവർ ഇതേ ഭാഷ തന്നെയാണ് ഉപയോഗിച്ചത്.
വിനോദ് ചന്ദ്രന്റെ വീട് കൊള്ളയടിക്കുന്നതിനു തൊട്ടുമുന്പു മോഷണ ശ്രമം നടന്ന വീട്ടിലും തലേദിവസം മോഷണശ്രമം നടന്ന വീട്ടിലും ഈ കൊള്ള സംഘം തന്നെയാണ് എത്തിയതെന്നും പോലീസ് സ്ഥിരീകരിച്ചു. അതിനിടെ സൈബർസെൽ നാലു ലക്ഷം ഫോൺകോളുകൾ ഇതിനകം പരിശോധിച്ചു കഴിഞ്ഞു.
അതിൽ നിന്നും ലഭിച്ച 140 കോളുകൾക്കു പിന്നാലെ പോലീസ് അന്വേഷണം ശക്തമാക്കി. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള പരിശോധനയും തുടരുകയാണ്. കവർച്ചയ്ക്കുശേഷം റെയിൽപാളം വഴി സ്റ്റേഷനിലെത്തിയ മോഷ്ടാക്കൾ സംസ്ഥാനം വിട്ടതായും പോലീസ് സംശയിക്കുന്നുണ്ട്.