കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ടൗണിലും പരിസരങ്ങളിലും മോഷണശല്യം വർധിച്ചതായി പരാതി. ബസിലും അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാന്പുകളിലുമാണ് ഇപ്പോൾ മോഷണശല്യം വർധിച്ചിരിക്കുന്നത്. ഇന്നലെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ വെച്ച് വീട്ടമ്മയുടെ പഴ്സ് കവർന്ന യുവതി പോലീസ് പിടി കൂടിയിരുന്നു.
സിസിടിവി ദൃശ്യങ്ങളെ അടിസ്ഥാനമാക്കി നടന്ന അന്വേഷണത്തിൽ പുഞ്ചവയൽ സ്വദേശിനിയായ യുവതിയാണ് പൊൻകുന്നം പോലീസിന്റെ കസ്റ്റഡിയിലായത്. കഴിഞ്ഞ ദിവസം ബസ് യാത്രയ്ക്കിടെ പഴുമല കതിരോലിൽ ചന്ദ്രികയുടെ മൂന്നരപവന്റെ സ്വർണ മാല മോഷണം പോയി. പാറത്തോട്ടിൽ നിന്നും കെഎസ്ആർടിസി ബസിൽ കയറി കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ എത്തിയപ്പോഴാണ് ചന്ദ്രിക മാല മോഷണപോയ കാര്യം അറിയുന്നത്.
കഴിഞ്ഞ ദിവസങ്ങളിലായി പല ബസ് യാത്രകാരുടെയും പഴ്സ് അടക്കമുള്ള സാധനങ്ങൾ മോഷണം പോയതായി പരാതി പറയുന്നു. ടൗണിനു സമീപത്ത് അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാന്പുകളിൽ മോഷണവും മോഷണശ്രമങ്ങളും നടന്നിരുന്നു. കുരിശുങ്കൽ ജംഗ്ഷന് സമീപത്ത് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ കിടന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ബാഗും കഴിഞ്ഞയാഴ്ച രാത്രി മോഷണം പോയതായി തൊഴിലാളികൾ പറയുന്നു.
ഇതോടൊപ്പം ടൗണിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ബൈക്കുകളും മോഷണം പോകുന്നതായി പരാതി ഉയർന്നിരുന്നു. കാഞ്ഞിരപ്പള്ളി പേട്ടകവലയിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസംപേട്ട സ്കൂളിനു സമീപത്ത തൊഴിലാളി ക്യാന്പിൽ മോഷ്ടാവ് പ്രവേശിച്ചെങ്കിലും ഉറങ്ങി കിടന്നവർ അറിഞ്ഞ് ബഹളം വെച്ചതോടെ ഓടി രക്ഷപ്പെട്ടു. ടൗണിലെ രണ്ടു കടകളിലും മോഷണം ശ്രമം നടന്നതായും പരാതിയുണ്ട്.