കണ്ണൂർ: കണ്ണൂർ നഗരത്തിൽ കടയുടെ പൂട്ട് തകർത്ത് 1.90 ലക്ഷം രൂപ കവർന്നു. കണ്ണൂർ ഗോപാൽ സ്ട്രീറ്റിലെ റിയാസ് ഹോൾസെയിൽ ഷോപ്പിലാണ് കവർച്ച നടന്നത്. ഒണ്ടേൻ റോഡിലെ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന അബ്ദുൾ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ളതാണ് കട. ഇന്നുരാവിലെ ജീവനക്കാർ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണവിവരം ശ്രദ്ധയിൽപെട്ടത്.
ഉടൻ ടൗൺ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ടൗൺ അഡീഷണൽ എസ്ഐ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കടയിലെ സിസിടിവി ദൃശ്യങ്ങളിൽ രണ്ടുപേർ കടയിലെത്തി കവർച്ച ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പോലീസിനു ലഭിച്ചു.
ഇക്കാര്യം പോലീസ് പരിശോധിക്കുകയാണ്. ഇന്നലെ രാവിലെ കടയിൽ സൂക്ഷിച്ച പണം ബാങ്കിൽ അടയ്ക്കാൻ പോയിരുന്നുവെങ്കിലും തിരക്കു കാരണം തിരിച്ചുവരികയായിരുന്നു. ഈ തുകയാണ് കവർച്ച ചെയ്തതെന്ന് റിയാസ് പറഞ്ഞു.