കണ്ണൂർ: പള്ളിക്കുന്നിലെ വീട്ടിൽ ദന്പതികളെ ഭീഷണിപ്പെടുത്തി 30 പവൻ സ്വർണാഭരണങ്ങളും 30,000 രൂപയും കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ. തമിഴ്നാട് പങ്കഗിരി കണ്ടച്ചിക്കാടിലെ കവിൻകുമാർ (28) നെയാണ് കണ്ണൂർ ഡിവൈഎസ്പി പി.പി.സദാനന്ദന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സിഐ പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്.
കണ്ടച്ചിക്കാട് നിന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ ടൗൺ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. കൂട്ടുപ്രതി ഗോകിലക്ക് (40) വേണ്ടി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു.അഞ്ചിന് രാവിലെ രാവിലെ 11.30ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. പള്ളിക്കുന്ന് മൂകാംബിക റോഡിലെ ഷെറിന്റെ “ദിൻഷെയർ’ എന്ന വീട്ടിൽ അതിക്രമിച്ചു കയറിയ കവിൻകുമാറും ഗോകിലയും ഷെറിനെയും ഭാര്യയെയും ഭീഷണിപ്പെടുത്തി കവർച്ച നടത്തുകയായിരുന്നു.
ഗോകില ഇവരുടെ ബന്ധുവീട്ടിൽ ജോലിക്ക് നിൽക്കുകയായിരുന്നു. ഈ ഇനത്തിൽ ലഭിക്കാനുള്ള തുക വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടാണ് കവിൻകുമാറിനെ ഗോകില കൂടെകൂട്ടിയത്. ദന്പതികളെ കസേരയിൽ കെട്ടിയിട്ടശേഷം ഇരുവരും രക്ഷപ്പെടുകയായിരുന്നു.
കവർച്ചയ്ക്കുശേഷം ബസിന് കോഴിക്കോട്ട് എത്തിയ ഇരുവരും അവിടെ നിന്ന് പാലക്കാട് വഴി നാട്ടിലേക്ക് പോകുകയായിരുന്നു. തമിഴ്നാട്ടിൽ എത്തിയശേഷം രണ്ടുവഴിക്ക് പിരിയുകയായിരുന്നുവെന്ന് കവിൻകുമാർ മൊഴി നൽകി.
മോഷണം നടത്തിയ കുറച്ച് ആഭരണങ്ങൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
2017ൽ പതിമൂന്നുകാരിയെ പീഡിപ്പിച്ചതിന് തമിഴ്നാട്ടിൽ കവിൻകുമാറിന് എതിരെ പോക്സോ കേസുണ്ട്. അന്വേഷണസംഘത്തിൽ എഎസ്ഐമാരായ മഹിജൻ, അനീഷ്കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ സുജിത്ത്, സഞ്ജയ് എന്നിവ ഉണ്ടായിരുന്നു.