കണ്ണൂർ: മാധ്യമപ്രവർത്തകനെയും ഭാര്യയേയും കെട്ടിയിട്ട് വീട് കൊള്ളയടിച്ച സംഘം കേരളം വിട്ടതായി സൂചന. കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കേരളത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചു.
മാതൃഭൂമി കണ്ണൂർ യൂണിറ്റിലെ ന്യൂസ് എഡിറ്റർ കെ. വിനോദ് ചന്ദ്രന്റെ കണ്ണൂർ സിറ്റി ഉരുവച്ചാലിലെ വീട്ടിലാണ് ഇന്നലെ പുലർച്ചെ ഒന്നരയോടെ കവർച്ച നടന്നത്. മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കളുടെ ക്രൂരമർദനത്തിന് ഇരയായ വിനോദ് ചന്ദ്രൻ (55), ഭാര്യ സരിതകുമാരി (50) എന്നിവർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രഫഷണൽ രീതിയിലുള്ള കവർച്ചയാണ് നടന്നതെന്ന നിഗമനത്തിലാണ് പോലീസ്. കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദൻ, കണ്ണൂർ സിറ്റി സിഐ പ്രദീപൻ കണ്ണിപൊയിൽ, ടൗൺ സിഐ ടി.കെ.രത്നകുമാർ, എസ്ഐമാർ, എഎസ്ഐമാർ, എസ്പിയുടെ സ്പെഷൽ സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിൽ 28 പേരടങ്ങുന്ന സംഘമാണ് അന്വേഷണത്തിന് ചുക്കാൻ പിടിക്കുന്നത്.
അന്വേഷണ സംഘത്തെ പല സ്ക്വാഡുകളായി തിരിച്ച് അന്വേഷണം തുടങ്ങി. സ്ക്വാഡിന്റെ നേതൃത്വത്തിൽ കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലെ സിസിടിവി ദൃശ്യങ്ങൾ ഇന്നലെ പരിശോധിച്ചുകഴിഞ്ഞു. കൂടാതെ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിൽ പരിശോധന നടത്തി. സമീപകാലയളവിൽ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ നിന്നും വിട്ടുപോയവരുടെ വിവരങ്ങളും ശേഖരിച്ചു വരികയാണ് അന്വേഷണസംഘം.
കേരളത്തിലുണ്ടായ സമാനമായ കവർച്ചാസംഭവങ്ങൾ അന്വേഷണ സംഘം പരിശോധിച്ചുവരുന്നുണ്ട്. ഉത്തരേന്ത്യൻ ശൈലിയിലുള്ള കവർച്ചയാണ് നടന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. വീട് തകർത്ത് ഉള്ളിൽ കയറിയ സംഘം നിമിഷങ്ങൾക്കുള്ളിൽ വീട്ടുകാരെ ആക്രമിച്ച് ബന്ധിച്ച് കണ്ണുകൾ കെട്ടിയാണ് കവർച്ച നടത്തുന്നത്. ഇതാണ് ഉത്തരേന്ത്യൻ ശൈലി.
അതിനാൽ കേരളത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചുകഴിഞ്ഞു. പ്രധാനമായും ഡൽഹി കേന്ദ്രീകരിച്ചാണ് അന്വേഷണം. കഴിഞ്ഞ ദിവസം എറണാകുളത്ത് വീട്ടുകാരെ ആക്രമിച്ച് ഉത്തരേന്ത്യൻ രീതിയിൽ കവർച്ച നടത്തുന്ന 11അംഗ സംഘത്തിലെ ആറുപേരെ പോലീസ് അറസ്റ്റ്ചെയ്തിരുന്നു.
അഞ്ചുപേരെ ഇനിയും പിടികൂടാനുണ്ട്. ഇവരാണോ കവർച്ച നടത്തിയ സംഘമെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ബംഗ്ലാദേശിൽനിന്ന് കുടിയേറിപാർത്ത റോഹിംഗ്യൻ അഭയാർഥികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. വിനോദ് ചന്ദ്രന്റെ വീട്ടിൽനിന്ന് 30 പവൻ സ്വർണാഭരണങ്ങളും 15,000 രൂപയും മൂന്ന് മൊബൈൽ ഫോണുകളും ഒരു ലാപ്ടോപ്പും എടിഎം കാർഡുകളുമാണ് മോഷ്ടിക്കപ്പെട്ടത്. ഘം