കാട്ടാക്കട : സെക്രട്ടേറിയറ്റിലെ അഡീഷണൽ സെക്രട്ടറിയുടെ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു. മലയിൻകീഴ് ചൂഴാറ്റുകോട്ട പാമാംകോട് സ്വദേശി കെ. സുനിൽകുമാറിന്റെ രേവന്ദനം വീട്ടിലായിരുന്നു മോഷണം.
ഇദ്ദേഹം ശനിയാഴ്ച കുടുംബസമേതം മണക്കാടുള്ള വീട്ടിലേക്ക് പോയിരുന്നു. ഞായറാഴ്ച രാത്രി തിരികെയെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
ഇരുനില വീടിന്റെ അടുക്കളവാതിൽ കുത്തിപ്പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന ഒരു റാഡോ വാച്ച്, ലാപ്ടോപ്പ്, 10,000 രൂപ, ഏഴു പവൻ സ്വർണാഭരണങ്ങൾ എന്നിവ കവർന്നു.
മലയിൻകീഴ് സിഐ എ.വി. സൈജു, എസ്ഐ കെ. രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വാതിൽ കുത്തിപ്പൊളിക്കാൻ ഉപയോഗിച്ച പാര വീടിനു സമീപത്തുനിന്ന് പോലീസ് കണ്ടെത്തി.
വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുത്തു. രണ്ടു മാസത്തിനുമുമ്പ് പാമാംകോട് പ്രവർത്തിച്ചുവരുന്ന ഒരു സ്റ്റുഡിയോയിൽ മോഷണം നടന്നിരുന്നു.
ഇതിന്റെ അന്വേഷണം നടന്നു വരുന്നതിനിടെയാണ് വീണ്ടുമൊരു മോഷണം ഉണ്ടായിരിക്കുന്നത്. മലയിൻകീഴ് പോലീസ് അന്വേഷണം ആരംഭിച്ചു.