മങ്കൊന്പ് : ലോക്ഡൗണ്‍ കാലയളവിൽ കാവാലത്ത് മോഷ്ടാക്കളുടെ ശല്യം വ്യാപകമാകുന്നതായി പരാതി. ലോക്്ഡൗണ്‍ കാലത്ത്് പണവും സ്വർണവുമൊന്നുമല്ല, വളർത്തു പക്ഷിമൃഗാദികളും കാർഷിക ഉത്പന്നങ്ങളുമാണ് മോഷ്ടാക്കൾക്കു പ്രിയം.
കാവാലം ഗ്രാമപഞ്ചായത്തിന്റെ എട്ട്, 11 വാർഡുകളിലാണ് മോഷണം പെരുകുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ് മോഷണങ്ങൾ ഏറെയും നടന്നത്. 11 ാം വാർഡിലെ കിഴക്കേ കുന്നുമ്മ പ്രദേശത്താണ് മോഷണങ്ങൾ അധികവും നടക്കുന്നത്.
കഴിഞ്ഞ ദിവസം ഏലപ്പള്ളി കുഞ്ഞുമോന്റെ വീട്ടിൽ നിന്ന് ആയിരക്കണക്കിനു രൂപയുടെ അലങ്കാര പക്ഷികൾ മോഷണം പോയി. ആഫ്രിക്കൻ ലൈബേർഡ് ഇനത്തിൽ പെട്ട പതിനയ്യായിരം രൂപയുടെ പക്ഷികളെ കൂടടക്കമാണ് രാത്രിയിൽ മോഷ്ടാക്കൾ എടുത്തുകൊണ്ടുപോയത്. സംഭവുമായി ബനധപ്പെട്ട് വീട്ടുകാർ പുളിങ്കുന്ന് പോലീസിനു പരാതി നൽകി.
ഇതിനു പുറമെ സമീപത്തെ വീടുകളിൽ നിന്ന് വാട്ടർ ടാങ്ക്, വാഴക്കുല, തേങ്ങ എന്നിവയും മോഷണം പോയതായി പരാതി ഉയരുന്നുണ്ട്. ഗ്രാമപഞ്ചായത്തിന്റെ എട്ടാം വാർഡിലെ ഒരു വീട്ടിൽ നിന്നു മുന്തിയ ഇനം വളർത്തുനായക്കുട്ടിയും മോഷണം പോയതായി പരാതിയുണ്ട്.
ലോക്ഡൗണ്‍ ആരംഭിച്ച സമയങ്ങളിൽ പോലീസ ്പട്രോളിംഗ് രാത്രിപകൽ ഭേദമില്ലാതെ ശക്തമായിരുന്നതിനാൽ പ്രദേശത്ത് സാമൂഹിക വിരുദ്ധ ശല്യം തീർത്തും ഇല്ലായിരുന്നു.
പട്രോളിംഗിൽ ഇളവു വന്നതോടെയാണ് രാത്രി കാലങ്ങളിലും ഇത്തരക്കാരുടെ ശല്യം ഏറുന്നത്. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് പോലീസ് പട്രോളിംഗ് കൂടുതൽ ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.