കായംകുളം: കൃഷ്ണപുരത്ത് വീടുകൾ കേന്ദ്രീകരിച്ച് മോഷണം വ്യാപകമായിട്ടും പോലീസ് നിഷ്ക്രിയമാണെന്ന ആക്ഷേപം ശക്തമാകുന്നു. കഴിഞ്ഞ ആറു മാസത്തിനുള്ളിൽ നാലിലേറെ മോഷണമാണ് വീടുകൾ കേന്ദ്രീകരിച്ച് നടന്നത്.
എന്നാൽ ഒരു സംഭവത്തിൽ പോലും പ്രതിയെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം വീട്ടുകാർ ആശുപത്രിയിൽ പോയ തക്കം നോക്കി വീട് കുത്തിത്തുറന്ന് നടന്ന കവർച്ചയാണ് ഒടുവിലത്തേത്.
വീടിനുള്ളിലെ അലമാരയുടെ പൂട്ട് തകർത്ത മോഷ്ടാക്കൾ 15 പവൻ സ്വർണാഭരണങ്ങളും 15000 രൂപയും കവർന്നു. കായംകുളം കൃഷ്ണപുരം കാപ്പിൽ കിഴക്ക് ശ്രീശൈലത്തിൽ (വൈര വന വടക്കേതിൽ ) പ്രവാസിയായ ശിവദാസന്റെ വീട്ടിലാണ് മോഷണം നടന്നത്.
വീടിന്റെ മുൻ വശത്തെ കതക് കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്തുകയറിയത്. വീട്ടുടമ ശിവദാസൻ വിദേശത്താണ്. ഭാര്യ രാജലക്ഷ്മി മകനെയും കൂട്ടി ആശുപത്രിയിൽ കഴിയുന്ന പിതാവിന് കൂട്ടിരിക്കാനായി കരുനാഗപ്പള്ളിയിലെ സ്വകാര്യആശുപത്രിയിൽ പോയി മടങ്ങിയെത്തിയപ്പോഴാണ് മുൻ വശത്തെ കതക് കുത്തിത്തുറന്ന നിലയിൽ കണ്ടത്.
ഉടൻ കായംകുളം പോലീസിനെ വിവരമറിയിക്കുകയും പോലീസ് തെളിവെടുപ്പ് നടത്തുകയും ചെയ്തു. തുടർന്ന് ഫോറൻസിക്, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സമീപത്തെ സിസി ടിവി ദൃശ്യങ്ങൾ ഉൾപടെ പോലീസ് പരിശോധിച്ചു വരികയാണ്.
സമാന രീതിയിൽ ഒരു വർഷത്തിനിടെ നിരവധി മോഷണങ്ങളാണ് നടന്നത്. കൃഷ്ണപുരം ഞക്കനാൽ ശ്രീനിലയത്തിൽ സത്യന്റെ വീട് കുത്തിതുറന്ന മോഷ്ടാക്കൾ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 33 പവൻ സ്വർണാഭരണങ്ങൾ അപഹരിച്ചിരുന്നു.
സത്യനും കുടുംബവും വീടുപൂട്ടി ക്ഷേത്ര ദർശനത്തിന് പോയ സമയത്തായിരുന്നു മോഷണം. വീട്ടുകാർ ഉത്സവത്തിന് പോയ തക്കം നോക്കി കൃഷ്ണപുരം മേനാത്തേരി കാപ്പിൽ മേക്ക് പുത്തേഴത്ത് പടീറ്റതിൽ തങ്കമ്മയുടെ വീട് കുത്തിത്തുറന്ന മോഷ്ടാക്കൾ ഇവിടെ നിന്നും 15 പവനും 15,000 രൂപയും എടിഎം കാർഡും അപഹരിച്ചിരുന്നു .
എന്നാൽ ഒരു സംഭവത്തിലും പ്രതികളെ പിടികൂടാൻ പോലീസിന് കഴിയാത്തത് നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കുകയാണ്.