കൊച്ചി: എറണാകുളം പുല്ലേപ്പടിയിലും തൃപ്പൂണിത്തുറ എരൂരിലും നടന്ന മോഷണക്കേസിൽ തെരച്ചിൽ ശക്തമാക്കി അന്വേഷണ സംഘം. മഹാരാഷ്ട്രയിൽ തങ്ങുന്ന അന്വേഷണ സംഘത്തിനു പ്രതികളെ സംബന്ധിച്ച വിശദ വിവരങ്ങൾ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണു നടപടി. മോഷണം നടന്ന വീടുകളിൽനിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെയും ഫിംഗർ പ്രിന്റുകളുടെയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണു പ്രതികളെ സംബന്ധിച്ച് വിവരം ലഭിച്ചതെന്നാണു വിവരം.
ഏതാനും ദിവസങ്ങൾക്കകം പ്രതികളെ പിടികൂടാൻ കഴിയുമെന്നുമാണു പോലീസ് വൃത്തങ്ങൾ പറയുന്നത്. കേരള-മഹാരാഷ്ട്ര പോലീസിന്റെ സംയുക്ത അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. അന്വേഷണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ കഴിയില്ലെന്ന് അറിയിച്ച അന്വേഷണ സംഘം അന്വേഷണത്തിൽ പുരോഗതിയുണ്ടെന്നും വ്യക്തമാക്കി.
മറ്റു സംസ്ഥാനങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരുടെ സഹായവും അന്വേഷണ സംഘം പ്രയോജനപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ 15നും 16നുമാണു ജില്ലയെ നടുക്കിയ മോഷണപരന്പര അരങ്ങേറിയത്. കവർച്ചകൾക്കു പിന്നിൽ കുപ്രസിദ്ധ കവർച്ചാ സംഘങ്ങളായ മഹാരാഷ്ട്രയിലെ ചൗഹാൻ സംഘമാണെന്നു പോലീസ് നേരത്തെ തിരിച്ചറിഞ്ഞിരുന്നു. മോഷണം നടന്ന രീതിയും ആക്രമികൾ ഹിന്ദി സംസാരിക്കുന്നവരാണെന്ന വീട്ടുകാരുടെ മൊഴിയും മോഷണ രീതിയുമാണ് ഇത്തരത്തിലൊരു നിഗമനത്തിലെത്തിച്ചത്.
ട്രെയിനിൽ സഞ്ചരിച്ചു റെയിൽവേ പാളത്തിനു സമീപമുള്ള വലിയവീടുകളിൽ മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. ഇതേത്തുടർന്നാണു അന്വേഷണസംഘം മഹാരാഷ്ട്രയ്ക്കു പുറപ്പെട്ടത്. മഹാരാഷ്ട്ര പോലീസിന്റെ സഹായത്തോടെ ഇത്തരത്തിൽ കവർച്ച നടത്തുന്ന പ്രതികളുടേത് ഉൾപ്പെടെയുള്ള വിവരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ അന്വേഷണ സംഘം ശേഖരിച്ചുവരികയായിരുന്നു.
മോഷണത്തിനുശേഷം കവർച്ചാസംഘം കേരളത്തിനു പുറത്തേക്കു കടന്നതായും പോലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതിനിടെ പ്രതികളെ പിടികൂടുന്നതിനായി കൂടുതൽ പേരടങ്ങുന്ന പോലീസ് സംഘം കേരളത്തിനു വെളിയിലേക്കു തിരിച്ചിട്ടുള്ളതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. അതേസമയം, കേസിന്റെ അന്വേഷണ പുരോഗതി സംബന്ധിച്ച് കൃത്യമായ അവലോകനം നടത്തിവരുന്നതായി സിറ്റി പോലീസ് കമ്മീഷണർ എം.പി. ദിനേശ് പറഞ്ഞു.