കൊച്ചി: കൊച്ചിയിലെ മോഷണ പരന്പരയുമായി ബന്ധപ്പെട്ട് ഹിൽപാലസ് സിഐ പി.എസ്. ഷിജു വീണ്ടും ബംഗാളിലേക്കു തിരിച്ചു. മോഷണത്തിലെ മുഖ്യസൂത്രധാരൻ ഉൾപ്പെടെ കേസിൽ ഇനിയും പിടിയിലാകാനുള്ള പ്രതികളിൽ ചിലർ ബംഗാളിലുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണു അന്വേഷണം പുരോഗമിക്കുന്നത്. നിലവിൽ ബംഗാളിൽ തുടരുന്ന പന്ത്രണ്ടോളം പേരടങ്ങുന്ന അന്വേഷണ സംഘത്തിനോടൊപ്പം അദ്ദേഹം ചേരും. ഇന്നലെയാണു ട്രെയിൻ മാർഗം അദ്ദേഹം ബംഗാളിലേക്കു തിരിച്ചതെന്നു തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ പി.പി. ഷംസ് പറഞ്ഞു.
മോഷണത്തിനുശേഷം ബംളാൾ വഴി ബംഗ്ലാദേശിലേക്കു കടന്ന കൊള്ളക്കാരിൽ ചിലർ മടങ്ങിയെത്തിയതായാണു അധികൃതർ നൽകുന്ന സൂചന. ഇവരെ ഉടന പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. പ്രതികളുടെ ഫോണ് കോളുകൾ ഉൾപ്പെടെ പരിശോധിച്ചുവരുന്ന സൈബർ സെല്ലും പ്രതികളെ പിടികൂടുന്നതിൽ നിർണായക പങ്കാണു വഹിക്കുന്നത്.
പ്രതികളെ കസ്റ്റഡിയിൽ ലഭിച്ച് മറ്റു നടപടികൾ പൂർത്തിയാക്കിയതോടെയാണു ഹിൽപാലസ് സിഐ വീണ്ടും ബംഗാളിലേക്കു തിരിച്ചത്. മോഷണം നടന്നതിനു പിന്നാലെ പള്ളുരുത്തി സിഐ കെ.ജി. അനീഷിന്റെ നേതൃത്വത്തിൽ ഡൽഹിയിലും ഹിൽപാലസ് സിഐയുടെ നേതൃത്വത്തിൽ ബംഗാളിലുമെത്തിയ പോലീസ് സംഘം പ്രതികൾക്കായി അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണു മൂന്നു പ്രതികൾ ഡൽഹിയിൽ പിടിയിലായത്. പിന്നീട് ഹിൽപാലസ് സിഐ ഈ സംഘത്തിനോടൊപ്പം ചേർന്നു പ്രതികളുമായി കൊച്ചിയിലേക്കു തിരിക്കുകയായിരുന്നു.
അതേസമയം, മോഷണ പരന്പരയിൽ കസ്റ്റഡിയിൽ ലഭിച്ച രണ്ടു പ്രതികളെയും ചോദ്യം ചെയ്യൽ തുടരുകയാണെന്നും മോഷണം സംബന്ധിച്ചും മറ്റും മുഴുവൻ വിവരങ്ങളും ശേഖരിച്ചുവരുന്നതായും അധികൃതർ പറഞ്ഞു. മോഷണത്തിനെത്തിയ സംഘം താമസിച്ച സ്ഥലങ്ങളിൽ ഉൾപ്പെടെ എത്തിച്ച് തെളിവെടുപ്പും ഉടൻ പൂർത്തിയാക്കാനാണു പോലീസ് ലക്ഷ്യമിടുന്നത്. ഹിൽപാലസ് പോലീസിന്റെ നേതൃത്വത്തിലാണു ചോദ്യം ചെയ്യൽ.
കഴിഞ്ഞ ദിവസം നടന്ന തിരിച്ചറിയൽ പരേഡിൽ കവർച്ച നടന്ന വീട്ടിലെ ഗൃഹനാഥൻ ഏരൂർ നന്ദപ്പിള്ളി ആനന്ദകുമാറും മൂത്ത മകൻ ദീപക്കും പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാസം 15, 16 തീയതികളിലായാണു യഥാക്രമം എറണാകുളം പുല്ലേപ്പടിയിലും തൃപ്പൂണിത്തുറ ഏരൂരിലും കവർച്ച നടന്നത്. അതേസമയം, എറണാകുളം പുല്ലേപ്പടിയിലെ മോഷണവുമായി ബന്ധപ്പെട്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താൻ കോടതിയിൽനിന്നു അനുമതി ലഭിച്ചതായി നോർത്ത് പോലീസ് അധികൃതർ വ്യക്തമാക്കി.
നിലവിൽ തൃപ്പൂണിത്തുറ ഏരൂരിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ടുള്ള നടപടികളാണു നടക്കുന്നത്. റിമാൻഡിലായിരുന്ന പ്രതികളെ കഴിഞ്ഞ ദിവസം ഹിൽപാലസ് പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. അഞ്ചു ദിവസത്തെ കസ്റ്റഡിയാണു തൃപ്പൂണിത്തുറ കോടതി അനുവദിച്ചത്. ഈ കാലാവധി തീർന്നു പ്രതികൾ വീണ്ടും റിമാൻഡിലായ ശേഷമാകും നോർത്ത് പോലീസിന്റെ നടപടി ക്രമങ്ങൾ ആരംഭിക്കുക.