കൊച്ചി: ചെറിയ ഇടവേളയ്ക്കുശേഷം കൊച്ചി നഗരത്തിൽ വീണ്ടും വൻ കവർച്ച. സീരിയൽ സംവിധായകനും കൊച്ചിയിലെ സ്റ്റുഡിയോ സെവൻ ഉടമയുമായ ജി.എ. രാജീവ്നാഥിന്റെ മുല്ലശേരി കനാൽ റോഡിനു സമീപത്തെ കാരിക്കാമുറി ഫസ്റ്റ് ക്രോസ് റോഡിലുള്ള കൃഷ്ണ മനോർ അപ്പാർട്ട്മെന്റ്സിലെ വാടക വീട്ടിലാണു മോഷണം നടന്നത്. 16 പവൻ സ്വർണവും 76,000 രൂപയുമാണു നഷ്ടപ്പെട്ടത്. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്തായിരുന്നു കവർച്ച.
കഴിഞ്ഞമാസം 28നു രാജീവ്നാഥ് കുടുംബസമേതം തിരുവനന്തപുരത്തേക്കു പോയിരുന്നു. മൂന്നിനു വൈകുന്നേരം മടങ്ങിയെത്തിയപ്പോഴാണു മോഷണം നടന്നതായി അറിഞ്ഞത്. പോലീസ് വീട്ടിൽ പരിശോധന നടത്തി. വീടിന്റെ ഹാളിനോടു ചേർന്നുള്ള വലിയ ഗ്രിൽ ബലം പ്രയോഗിച്ചു തുറന്നശേഷം കണ്ണാടി ഗ്ലാസ് നീക്കിയാണു മോഷ്ടാവ് അകത്തുകയറിയതെന്നാണ് അനുമാനിക്കുന്നത്. കവർച്ചയ്ക്കുശേഷം പിൻവശത്തുള്ള മതിൽ ചാടിയാണു കള്ളൻ രക്ഷപ്പെട്ടതെന്നും കരുതുന്നു.
അലമാരയിൽ തുണികൾക്കിടയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണു നഷ്ടമായത്. വീട്ടിൽ ആളില്ലെന്നു മനസിലാക്കിയശേഷം കൃത്യമായ ആസൂത്രണത്തോടെയാണു കവർച്ച നടന്നിരിക്കുന്നതെന്നു പോലീസ് പറഞ്ഞു. വീട്ടിലെ സിസിടിവി കാമറയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. കവർച്ച നടത്തിയ ആളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും സെൻട്രൽ പോലീസ് എസ്ഐ ജോസഫ് സാജൻ പറഞ്ഞു.
കഴിഞ്ഞ മാസം 14നും 16നും കൊച്ചി മേഖലയിൽ നടന്ന മോഷങ്ങളിലെ പ്രതികളെ പിടികൂടാൻ ഇതുവരെയും സാധിച്ചിട്ടില്ല. നോർത്ത് ജംഗ്ഷനിൽനിന്നു പുല്ലേപ്പടി പാലത്തിലേക്കു പോകുന്ന വഴിയിൽ താമസിക്കുന്ന ഇല്ലിമൂട്ടിൽ റിട്ട. എക്സിക്യൂട്ടീവ് എൻജിനീയർ ഇ.കെ. ഇസ്മയിലിന്റെ വീട്ടിലാണ് ആദ്യ മോഷണം നടന്നത്. രണ്ടു ദിവസത്തിനുശേഷം തൃപ്പൂണിത്തുറ ഏരൂർ എസ്എംപി റോഡ് നന്ദപ്പിള്ളി ആനന്ദകുമാറിന്റെ വീടും കവർച്ചചെയ്യപ്പെട്ടു.
രണ്ടിടത്തും വീട്ടുകാരെ ആക്രമിച്ചശേഷമായിരുന്നു കവർച്ച. ഇരുവീടുകളിൽനിന്നുമായി 50 പവനുമേൽ സ്വർണവും പണവും നഷ്ടപ്പെട്ടിരുന്നു. കവർച്ചയ്ക്കുശേഷം ഇതര സംസ്ഥാനക്കാരായ പ്രതികൾ കേരളം വിട്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഈ കേസുകളിൽ പ്രതികൾക്കായി കേരളത്തിനു പുറത്ത് അന്വേഷണം നടത്തുന്നതിനിടയിൽ വീണ്ടും കവർച്ച നടന്നത് പോലീസിനെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.